കുര്‍ബാന തര്‍ക്കം: എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷത്തിൽ അയവ്

single-img
24 December 2022

കുര്‍ബാന തര്‍ക്കത്തിന്റെ പേരില്‍ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷത്തിൽ അയവ് വന്നതായി റിപ്പോർട്ട്. ഇരുവിഭാഗവുമായും ചർച്ചക്ക് സന്നദ്ധമായതോടെയാണ് സംഘർഷത്തിൽ ചെറിയ തോതിൽ ഇളവ് വന്നത്.

അള്‍ത്താര അഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ അള്‍ത്താരയിലേയ്ക്ക് തള്ളി കയറി കുര്‍ബാന നടത്തികൊണ്ടിരിക്കുന്ന ജനാഭിമുഖ കുര്‍ബാന അനൂകൂലികളെ തള്ളിമാറ്റിയതോടെയാണ് സംഘർഷം തുടങ്ങിയത്. സംഘർഷത്തിനിടെ പള്ളിയിലെ വിളക്കുകൾ തകർന്നു. ബലിപീഠം തള്ളിമാറ്റി,​ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമായി. പൊലീസെത്തി വൈദികരെ ഉൾപ്പെടെ പള്ളിയിൽ നിന്നും പുറത്താക്കി.

അഡ്‌മിനിസ്ട്രേറ്റര്‍ ഫാദര്‍ ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാനയും മറുവിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാനയുമാണ് നടത്തിയത്. രണ്ട് കുർബാനയിലും ഇരുവിഭാഗത്തിലെയും വിശ്വാസികൾ പങ്കെടുത്തു. ഗോബാക്ക് വിളിയും കൂക്കുവിളിയുമായി ഇരുവിഭാഗം പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കുർബാന അർപ്പിക്കാനെത്തിയ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ സമരക്കാർ തടഞ്ഞു. പ്രതിഷേധക്കാർ പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടു. ക്രിസ്മസ് ദിനംവരെ കുർബാന നടത്തുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഏകീകൃത കുർബാന ആവശ്യപ്പെടുന്ന വിഭാഗം പള്ളിക്ക് പുറത്ത് തുടരുകയാണ്.