കൃത്യമായ ഡീലാണ് നടന്നത്; ഇ പി ജയരാജന്‍ – ജാവദേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രി അറിയാതെ നടക്കില്ല: കെ സി വേണുഗോപാല്‍

single-img
27 April 2024

ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന്‍, ജാവദേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ നടക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ജയരാജന്റെ കൂട്ട് കെട്ടിനെയാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതെന്നും ജാവദേക്കറേ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വളരെ കൃത്യമായ ഡീല്‍ ആണ് നടന്നത്. കേന്ദ്ര ഏജന്‍സികളെ ഭയക്കുന്ന മുഖ്യമന്ത്രി ബിജെപിയുമായി രഹസ്യ ധാരണക്ക് ശ്രമിക്കുകയാണ്. അത് പുറത്തായപ്പോള്‍ ജയരാജന്‍ ബലിയാടായി. ഇതില്‍ നിന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഒഴിഞ്ഞു മാറാന്‍ ആവില്ലെന്നും ഇരുകൂട്ടരും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പറഞ്ഞ വിശദീകരണ വാക്കുകള്‍ വിശ്വസനീയമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ ആളുകളുടെ വോട്ടുകള്‍ ഇത്തവണ യുഡിഎഫിന് ലഭിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫിന് മേധാവിത്വമുള്ള ബൂത്തുകളിലാണ് ഇന്നലെ വോട്ടെടുപ്പ് തടസപ്പെടുകയോ വൈകുകയോ ചെയ്തത്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ഹൈജാക്ക് ചെയ്തു.

തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം കുറക്കലായിരുന്നു ലക്ഷ്യം. എന്നാൽ അവരുടെ കണക്ക് കൂട്ടലുകള്‍ തെറ്റി. യുഡിഎഫ് അനുകൂല തരംഗം കേരളത്തില്‍ അലയടിച്ചു. ഇതോടൊപ്പം സര്‍ക്കാര്‍ വിരുദ്ധ വികാരവും അലയടിച്ചു.
കോൺഗ്രസ് പാര്‍ട്ടി ഇത് ഗൗരവമായി ഏറ്റെടുക്കും. നിയമ നടപടിയിലേക്ക് നീങ്ങും. എങ്ങനെയും വിജയിക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തും ജാഗ്രതക്കുറവുണ്ടായെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.