ഗവര്‍ണര്‍ക്ക് ഹിഡന്‍ അജണ്ട: ഇ.പി ജയരാജന്‍

single-img
17 September 2022

ആര്‍ക്കോ വേണ്ടി ഗവര്‍ണര്‍ കേരള സമൂഹത്തെ മലീമസമാക്കുകയാണ് എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പയ്യന്നൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം രൂക്ഷ ഭാഷയിൽ ഗവർണറെ വിമർശിച്ചത്.

ഗവര്‍ണര്‍ പദവി ഒരു ആവശ്യവുമില്ലാത്തതാണ്. ഗവര്‍ണര്‍ പദവിയെ കുറിച്ച് അദ്ദേഹം ആദ്യം മനസ്സിലാക്കണം. ഗവര്‍ണര്‍ പദവിക്ക് ഒരു പൊതു സങ്കല്പമുണ്ട്. അത് പാലിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണം.ജനാധിപത്യ മൂല്യങ്ങള്‍ പാലിക്കണം. സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ അദ്ദേഹം ഉപേക്ഷിക്കാന്‍ തയ്യാറാകണം- ഇ.പി ജയരാജന്‍ പറഞ്ഞു.

മാത്രമല്ല കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ശാസ്ത്ര കോണ്‍ഗ്രസില്‍ എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിലാണ് അദ്ദേഹം ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ആരോപണം ഉന്നയിക്കുന്ന അദ്ദേഹമോ അദ്ദേഹത്തിന്റെ സ്റ്റാഫോ എവിടെയെങ്കിലും പരാതി കൊടുത്തിട്ടുണ്ടോ എന്നും ഇ.പി ജയരാജന്‍ ചോദിച്ചു.

അദ്ദേഹത്തിന് എന്തെങ്കിലും ഹിഡന്‍ അജണ്ടയുണ്ടോ എന്ന് സംശയമുണ്ട്. കര്‍ട്ടന് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരല്ല മന്ത്രിമാരും സിപിഎമ്മും. ഉള്ളകാര്യം മുഖത്തുനോക്കി ഉള്ളത്‌പോലെ പറയുന്നയാളാണ് മുഖ്യമന്ത്രി എന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.