ടോള്‍ പിരിവിനായി ഇലക്ട്രോണിക് സംവിധാനം ഒരുങ്ങുന്നു; ടോള്‍ ഗേറ്റുകളിൽ ഇനി ക്യൂ നില്‍ക്കേണ്ട

single-img
4 December 2025

ടോള്‍ പിരിവ് നൂതനമാക്കാനൊരുങ്ങി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഒരു വർഷത്തിനുള്ളിൽ ടോള്‍ പിരിവിനായി ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്തുമെന്നും ഹൈവേകളിൽ വാഹനമോടിക്കുന്നവർക്ക് സുഗമമായ അനുഭവം ഉറപ്പാക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കി.

പുതിയ സംവിധാനം 10 സ്ഥലങ്ങളിൽ നടപ്പിലാക്കിയതായും ഒരു വർഷത്തിനുള്ളിൽ രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്നും അദ്ദേഹം ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ പ്രഖ്യാപിച്ചു. “ഈ ടോൾ സംവിധാനം അവസാനിക്കും. ടോളിൻ്റെ പേരിൽ നിങ്ങളെ തടയാൻ ആരുമുണ്ടാകില്ല. ഒരു വർഷത്തിനുള്ളിൽ രാജ്യമെമ്പാടും ഒരു ഇലക്ട്രോണിക് ടോൾ പിരിവ് നടപ്പിലാക്കും” – നിതിൻ ഗഡ്‌കരി പറഞ്ഞു.

നിലവിൽ രാജ്യത്തുടനീളം 10 ലക്ഷം കോടി രൂപയുടെ 4,500 ഹൈവേ പദ്ധതികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു. ഇന്ത്യയിലെ ഹൈവേകളിലുടനീളം ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനായി നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ), നാഷണൽ ഇലക്ട്രോണിക് ടോൾ പിരിവ് (എൻ‌ഇ‌ടി‌സി) പ്രോഗ്രാം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അടുത്തിടെ പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഭയിൽ കൂടുതൽ വ്യക്തത വരുത്തിയത്.