ബ്രഹ്മപുരത്തെ പുകയണക്കാനുള്ള ശ്രമം പന്തണ്ടാം ദിവസവും തുടരുന്നു;ഇന്ന് മുതല്‍ മൊബൈല്‍ മെഡിക്കല്‍ സംഘം, വിശദ പഠനം വേണമെന്ന് വിദഗ്ധര്‍


കൊച്ചി: ബ്രഹ്മപുരത്തെ പുകയണക്കാനുള്ള ശ്രമം പന്തണ്ടാം ദിവസവും തുടരുന്നു. 95 % പ്രദേശത്തെ തീയും പുകയും അണച്ചെന്ന് ജില്ലഭരണകൂടം അറിയിച്ചു.
അഞ്ച് ശതമാനം ഭാഗത്തെ തീയണക്കായാനായി കൂടുതല്‍ മണ്ണുമാന്ത്രി യന്ത്രങ്ങളും അഗ്നിരക്ഷ യൂണിറ്റുകളും ഇവിടേക്ക് മാറ്റി. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് മുതല്‍ വൈറ്റില മേഖലയില്‍ പ്രവര്‍ത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമാണ് സംവിധാനം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്
ബ്രഹ്മപുരം മാലിന്യപ്രശ്നം ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ ഉന്നയിക്കും. 12 ദിവസമായിട്ടും പുക ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകാത്തതും സര്‍ക്കാറിന്‍റെ വീഴ്ചകളും പറയാനാണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രിയുടെ മൗനവും ആയുധമാക്കാനാണ് പ്രതിപക്ഷ ശ്രമം. പ്രശ്നത്തില്‍ ഇനി എടുക്കാന്‍ പോകുന്ന നടപടികള്‍ സര്‍ക്കാര്‍ സഭയില്‍ വിശദീകരിക്കും.
ബ്രഹ്മപുരത്തെ അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേഥയാ എടുത്ത കേസ് ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി നിയോഗിച്ച വിദഗ്ധരുള്‍പ്പെട്ട നിരീക്ഷണ സമിതി ശനിയാഴ്ച വൈകുന്നേരം മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട് കോടതി ഇന്ന് പരിഗണിക്കും. തദ്ദേശ സ്വയം ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍, കോര്‍പറഷന്‍ സെക്രട്ടറി എന്നിവരോട് എല്ലാ സിറ്റിങ്ങിലും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ ഉമാ തോമസ് എം എല്‍ എ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്
അതേസമയം ബ്രഹ്മപുരത്തെ തീ ഉണ്ടാക്കാവുന്ന ദീര്‍ഘകാല ആരോഗ്യ ഭീഷണികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി വിദഗ്ധ പരിശോധനകള്‍ക്ക് തയാറാകണമെന്ന് ആരോഗ്യവിദഗ്ധര്‍. ദിവസങ്ങളോളം കത്തിയ മാലിന്യപ്പുകയിലൂടെ വായുവിലും വെള്ളത്തിലും മണ്ണിലും കലര്‍ന്ന വിഷ പദാര്‍ത്ഥങ്ങള്‍ ബ്രഹ്മപുരത്ത് മാത്രമൊതുങ്ങില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മാലിന്യത്തിലെ തീപ്പിടുത്തത്തെത്തുടര്‍ന്നുള്ള ഡയോക്സിന്‍ ബഹിര്‍ഗമനമാണ് കൊച്ചിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇത് എത്രത്തോളമുണ്ട് എന്ന് കണ്ടെത്തലാണ് പ്രധാനം. ഡയോക്സിന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ആ പ്രദേശത്ത് മാത്രമൊതുങ്ങില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ തന്നെ പറയുന്നുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ കലര്‍ന്നും, മത്സ്യം, മാംസം, പാല്‍ എന്നിവ വഴി വരെ ശരീരത്തിലേക്കെത്തും. കാലങ്ങള്‍ നിലനില്‍ക്കുകയും തലമുറകളിലേക്ക് വിപത്ത് പടര്‍ത്തുകയും ചെയ്യും. ഇത് കണ്ടെത്തലാണ് പ്രധാനം.
പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കപ്പുറം, കൊഴുപ്പുഗ്രന്ഥികളിലും നാഡീവ്യൂഹത്തിലും വരെ കടന്നുകയറി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന പ്രത്യുല്‍പാദന തകരാറുകളുടെയും കാന്‍സറിന്റെയും തൈറോയ്ഡ് രോഗങ്ങളുടെയും ശ്വാസകോശ രോഗങ്ങളുടെയും വരെ ഭീഷണിയുണ്ടാക്കുന്നതാണ് ഡയോക്സിന്‍. കൊച്ചിയിലെ മാലിന്യം കത്തിയത് പോലെ ദിവസങ്ങള്‍ നീണ്ടുനിന്ന മുന്‍ അനുഭവങ്ങളില്ലാത്ത പ്രതിസന്ധിയായത് കൊണ്ടുതന്നെ, കൈയില്‍ നിലവില്‍ ഇതുപോലൊരു പ്രശ്നത്തിന്റെ ആരോഗ്യഡാറ്റയില്ല. മാലിന്യം കത്തിയതിന്റെ മറ്റു വിഷാംശങ്ങള്‍ ജലാശയങ്ങളില്‍ കലരുന്നതിന്റെ വെല്ലുവിളി വേറെ.
എഴുപത് ഏക്കറില്‍ പരന്നുകിടക്കുന്ന പ്ലാസ്റ്റിക് നിറഞ്ഞ മാലിന്യപ്പുക, പത്ത് ദിവസത്തിലധികം പുറത്തേക്ക് വമിച്ചതിന് നേരിടാന്‍ മാസ്ക് ധരിച്ച്, പുകയില്‍ നിന്ന് തല്‍ക്കാല രക്ഷ നേടിയാല്‍ മാത്രം പോരെന്നു ചുരുക്കം.