ഇതുവരെ 220 പേർ മരിച്ചു; എബോള വൈറസ് വ്യാപനം അതിവേ​ഗത്തിലെന്ന് ലോകാരോഗ്യ സംഘടന

single-img
26 May 2026

എബോള വൈറസ് വ്യാപനം അതിവേ​ഗത്തിലെന്ന് ലോകാരോഗ്യ സംഘടന. ഡിആർ കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 220 പേർ മരിച്ചു. എബോള കേസുകൾ കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടത് വൈറസ് വ്യാപിക്കാൻ കാരണമായി. ഡിആർ കോംഗോയുമായി അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളിലും ഉയർന്ന അപകടസാധ്യതയെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

അതിനിടെ എബോള രോ​ഗികളെ പരിചരിക്കുന്ന ആശുപത്രികൾക്ക് നേരെ ഡി ആർ കോം​ഗോയിൽ ആക്രമണം ഉണ്ടായി. മരിച്ചവരുടെ മൃതദേഹങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ ബന്ധുക്കൾ കൊണ്ടുപോകുകയാണ്. സുരക്ഷിതമല്ലാത്ത ശ്മശാനങ്ങളും ശവസംസ്കാര രീതികളും രോഗവ്യാപനത്തിന് കാരണമാകുന്നതായും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

അതേസമയം, എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾക്ക് ഡിജിസിഎ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. വിമാനക്കമ്പനികൾ ഓൺ ബോർഡ് നിരീക്ഷണം നടത്തണം. യാത്രക്കാരിൽ നിന്ന് സെൽഫ് ഡിക്ലറേഷൻ ഫോം ശേഖരിക്കണം.

യാത്രയ്ക്കിടെ പ്രത്യേക അറിയിപ്പുകൾ നൽകണം. ഉഗാണ്ട, റിപ്പബ്ലിക് ഓഫ് കോംഗോ രാജ്യങ്ങളിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങൾക്കാണ് നിർദേശം നൽകിയത്. ഇന്ത്യയിൽ എത്തി 21 ദിവസത്തിനിടെ രോഗ ലക്ഷം കണ്ടാൽ ചികിത്സ തേടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ഈ മാസം 22 നാണ് വിമാന കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകിയത്.