തൃശൂരിലും പാലക്കാടും ഭൂചലനം ;ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍

single-img
15 June 2024

സംസ്ഥാനത്തെ തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു.

റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ, ആലൂർ, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശ്ശേരി, കൂറ്റനാട്, തണ്ണീർകോട്, പെരിങ്ങോട്, ചാത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കവും മുഴക്കവും അനുഭവപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.

തൃശൂരിലെ കുന്ദംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായതെന്നും നാല് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനത്തില്‍ തീവ്രത 3 രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണിതെന്നും അധികൃതര്‍ അറിയിച്ചു.