കടമെടുക്കാൻ കാട്ടുന്ന വ്യഗ്രത കേരളത്തെ അപകടത്തിലാക്കും: കേന്ദ്രസർക്കാർ

single-img
21 March 2024

കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്ന കേരളാ സര്‍ക്കാരിന്‍റെ വാദങ്ങൾ നിരാകരിച്ച് കേന്ദ്രസർക്കാർ. കടമെടുക്കാൻ ഇപ്പോൾ കാട്ടുന്ന വ്യഗ്രത കേരളത്തെ അപകടത്തിലാക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

2024 ൽ കേരളം 56583 കോടി കടമെടുത്തിട്ടുണ്ട്. ഈ തുകയിൽ 37572 കോടി കടമെടുത്തത് പൊതുവിപണിയിൽ നിന്നാണ്. അടുത്തവർഷം കേരളത്തിന് കടമെടുക്കാൻ സാധിക്കുക 33597 കോടിയാണെന്നും ഇപ്പോൾ കേരളം കടമെടുക്കുന്നത് ഒരുമാസം 3642 കോടിയാണെന്നും കേന്ദ്രം പറഞ്ഞു.

താൽക്കാലികമായി കേരളത്തിന് 5000 കോടി മാത്രം കടമെടുക്കാൻ അനുവാദം നൽകാമെന്നും 5000 കോടി അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ കുറയ്ക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. 3642 കോടി ഒരു മാസം കടമെടുക്കുന്ന സംസ്ഥാനത്തിന് പിന്നീട് കടമെടുക്കാനുള്ള അർഹത ഏകദേശം 2000 കോടി മാത്രമായിരിക്കുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

കേരളത്തിൽ നൽകിയ കടമെടുപ്പ് പരിധിയുടെ വിശദാംശങ്ങൾ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനുള്ള മറുപടി ഇന്ന് കേരളത്തിന് വേണ്ടി കപിൽ സിബൽ കോടതിയിൽ നൽകും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോടതി എന്ത് ഇടപെടൽ നടത്തുമെന്നുള്ളതും നിർണ്ണായകമാണ്.