ലഹരി വിൽപന; തലശേരിയിൽ സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ

single-img
24 November 2022

കണ്ണൂർ ജില്ലയിലെ തലശേരിയിൽ ലഹരി വില്‍പ്പന ചോദ്യം ചെയ്ത രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പാറായി ബാബു ഡി വൈ എഫ് ഐ പ്രവര്‍ത്തകൻ. ഇത് ലഹരിവിരുദ്ധ ക്യാംപയിൻ നടത്തുന്ന സി പി എമ്മിനെ ചെറുതല്ലാത്ത പ്രതിരോധത്തിലാക്കുന്നു.

നഗരത്തിൽ കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയില്‍ ഇയാള്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതിയായ ബാബുവിന്റെ സംഘത്തിലെ ലഹരി വില്‍പ്പന ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകരായ നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനായി ഷമീര്‍ (40) എന്നിവര്‍ കൊല്ലപ്പെട്ടത്.

പ്രതിയും ഇടത് പ്രവർത്തകൻ എന്നറിഞ്ഞതോടെ കെ സുധാകരനടക്കമുള്ളവര്‍ സി പി എമ്മിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പാർട്ടി അംഗമായ ഒരാള്‍ കൊല്ലപ്പെട്ടിട്ടുപോലും പ്രതികരിക്കാതെ ഫുട്ബോള്‍ ലോകകപ്പ് പോസ്റ്റുകള്‍ ഇട്ട് ആഘോഷിക്കുന്ന സിപിഎം നേതാക്കളെ കണ്ടപ്പോള്‍ തന്നെ ഈ കൊലപാതകം സിപിഎമ്മിനുള്ളിലെ കുടുംബ വഴക്ക് ആണെന്ന് പലര്‍ക്കും സംശയം തോന്നിയിരുന്നു എന്ന് കെ സുധാകരന്‍ തന്റെ ഫേസ് ബുക്കിൽ എഴുതിയിരുന്നു.