ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നികുതി വളര്‍ച്ചയില്‍ കേരളം രാജ്യത്ത് ഏറ്റവും പിന്നില്‍ പോയി

single-img
27 January 2023

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ധനകാര്യ രംഗം കുത്തഴിഞ്ഞതിന്‍റെ കണക്കുകളുമായി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍റെ റിപ്പോര്‍ട്ട്.

അഞ്ച് വര്‍ഷക്കാലം നികുതി വളര്‍ച്ചയില്‍ കേരളം രാജ്യത്ത് ഏറ്റവും പിന്നില്‍ പോയി. മറ്റ് പ്രധാനപ്പെട്ട സാമ്ബത്തിക സൂചകങ്ങളിലും കേരളം ഏറെ പിന്നിലാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി.

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത സര്‍ക്കാരിന്‍റെ സാമ്ബത്തിക കാര്യങ്ങള്‍ക്കുള്ള ഗവേഷണ സ്ഥാപനം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ധനകാര്യ രംഗം നേരിട്ട തിരിച്ചടികളുടെ കണക്കുകള്‍ നിരത്തിയാണ് മുപ്പത്തിരണ്ട് പേജുള്ള സംക്ഷിപ്ത റിപ്പോര്‍ട്ട്. സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മാത്രം കൈമാറിയ രഹസ്യ റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ട 19 സംസ്ഥാനങ്ങളെ താരതമ്യം ചെയ്താണ് പഠനം. ഇതില്‍ ഏറ്റവും ഗൗരവതരം നികുതി സമാഹരണത്തിലെ വീഴ്ചയാണ്. 2016മുതല്‍ 2021വരെ അഞ്ച് കൊല്ലത്തില്‍ കേരളം കൈവരിച്ച വളര്‍ച്ച രണ്ട് ശതമാനം മാത്രമാണ്.

19 സംസ്ഥാനങ്ങളുടെ ശരാശരിയെടുത്താലും ഇത് 6.3 ശതമാനം ആണ്. നികുതി പിരിവില്‍ കേരളം മൂന്നിലൊന്ന് പോലും തൊടാനാകാതെ മൂക്ക് കുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കേന്ദ്ര ഗ്രാന്‍റ് അടക്കം എല്ലാ വരുമാനങ്ങളും ഉള്‍പ്പെടുത്തിയുള്ള റവന്യു വരവിലും കേരളം ദേശീയ ശരാശരിയിലും പിന്നില്‍ പോയിരിക്കുകയാണ്. പതിനാറാം സ്ഥാനമാണ് ഇതില്‍ കേരളത്തിലുള്ളത്. ഹര്യാനയും,ജാര്‍ഖണ്ഡും, ചത്തീസ്ഗഢും, ഗുജറാത്തും വരെ കേരളത്തെക്കാള്‍ മുന്നിലാണുള്ളത്. മദ്യം,ലോട്ടറി അടക്കം നികുതിയേതര വരുമാനത്തില്‍ തോമസ് ഐസക്കിന്‍റെ കാലയളവില്‍ വലിയ തിരിച്ചടിയുണ്ടായില്ല. 22ശതമാനം വളര്‍ച്ച നേടിയ കേരളം നാലാം സ്ഥാനത്ത് എത്തി.

വരുമാന തിരിച്ചടിയില്‍ കേരളം നക്ഷത്രമെണ്ണിയ കാലത്തും ചെലവാക്കലിന് ഒരു കുറവുമുണ്ടായില്ല. റവന്യു ചെലവില്‍ രാജ്യത്ത് തന്നെ ഒന്നാമത് കേരളമാണ്. 90.39 ശതമാനമാണ് റവന്യു ചെലവ്. പശ്ചിമ ബംഗാളാണ് തൊട്ടുപിന്നിലുള്ളത്. സാമ്ബത്തിക പ്രതിസന്ധിയിലും ഒന്നാം പിണറായി കാലത്ത് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക നീക്കി വച്ചിരുന്നു. എന്നാല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തില്‍ സാമൂഹ്യ സേവന പദ്ധതികള്‍ക്ക് പണം നീക്കിവച്ചതില്‍ 2016-മുതല്‍ 21 വരെ 19 സംസ്ഥാനങ്ങളില്‍ കേരളത്തിന്‍റെ സ്ഥാനം പതിനേഴാമതാണ്. ആന്ധ്രയും, ബംഗാളും, ഗുജറാത്തും, രാജസ്ഥാനും ഒക്കെ സേവന പദ്ധതികള്‍ക്ക് കേരളത്തെക്കാള്‍ വിഹിതം നീക്കി വച്ചിട്ടുണ്ട്.

2016ല്‍ ഉമ്മന്‍ചാണ്ടി ഇറങ്ങുമ്ബോള്‍ കടം 1,89,768കോടി 2021ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ കടം 3,08,386 കോടി. നോട്ട് നിരോധനവും, കൊവിഡും രാജ്യമാകെ സാമ്ബത്തിക രംഗത്തെ ബാധിച്ച നാളുകളില്‍ പ്രളയമാണ് കേരളത്തിന് അധിക പ്രഹര മേല്‍പിച്ചത്. ഒപ്പം സാമ്ബത്തിക മാനെജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതും കൂടിയായപ്പോള്‍ കേരളം കുത്തുപാളയെടുത്തു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ, സിഎജിയുടെയും ജിഎസ്ടി വകുപ്പിന്‍റെയും കണക്കുകളെ താരതമ്യം ചെയ്താണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനം പുറത്ത് വന്നിട്ടുള്ളത്. സാമ്ബത്തിക സ്ഥിതി കൂടുതല്‍ ദുര്‍ബലമാകുമ്ബോള്‍ രഹസ്യ റിപ്പോര്‍ട്ടുകളായി ഒതുങ്ങേണ്ടതുമല്ല ഈ കണക്കുകള്‍. കഴിഞ്ഞ ആറര വര്‍ഷത്തെ ധനവകുപ്പിന്‍റെ കണക്കുകളും അവകാശ വാദങ്ങളും പൊളിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തന്നെ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ റിപ്പോര്‍ട്ട്.