മിണ്ടാതിരുന്നാൽ മന്ത്രിയാകാൻ സാധ്യതയുണ്ട്; മിണ്ടാതിരുന്ന് കിട്ടുന്ന സ്ഥാനമാനങ്ങൾ ആവശ്യമില്ല: ​ഗണേഷ് കുമാർ

single-img
3 May 2023

അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയ പ്രവർത്തകരെന്നും എന്നാൽ അത്തരം പ്രതികരണങ്ങൾ സർക്കാരിനെതിരെയുളളതല്ലെന്നും പത്താനപുരം എംഎൽഎ കെ ബി ​ഗണേഷ്കുമാർ.. മിണ്ടാതിരുന്നാൽ താൻ മന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. എന്നാൽ നിയമസഭയിലും പുറത്തും മിണ്ടാതിരുന്ന് കിട്ടുന്ന സ്ഥാനമാനങ്ങൾ തനിക്ക് ആവശ്യമില്ലെന്നും ​ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരത്ത് പാർട്ടി പരിപാടിയിൽ സംസാരിക്കവെയായിരുന്നു ​ഗണേഷ് കുമാറിന്റെ പ്രതികരണം

നേരത്തെ എ ഐ ക്യാമറാ വിവാദത്തിൽ ബൈക്കിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ സംസാരിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലർ ചോദിച്ചിരുന്നു. എന്നാൽ സത്യം പറയുമ്പോൾ എന്തിന് ദേഷ്യപ്പെടണമെന്നായിരുന്നു ​ഗണേഷ് കുമാറിന്റെ മറുപടി.

തെരഞ്ഞെടുപ്പിൽ തന്നെ നിയമസഭയിലേക്ക് പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം നിയമസഭയിൽ പറഞ്ഞാൽ മാത്രമേ ലോകം അറിയൂ. ഭരണകർത്താക്കൾ അറിയൂ. നിയമസഭയിലാകുമ്പോൾ ആ കുഴപ്പമില്ലല്ലോ. അവിടെ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും കേൾക്കും. അവർ എല്ലാവരും ഈ വിഷയത്തിൽ താത്പര്യം കാണിക്കും.

സാധാരണക്കാരായ ജനങ്ങളുടെ കാര്യങ്ങൾ അവിടെയാണ് പറയേണ്ടത്. അതിനാലാണ് അവിടെ പറയുന്നത്. ഒരുപക്ഷെ അവിടെ ചെന്ന് മിണ്ടാതിരുന്നാൽ ചിലപ്പോൾ പിടിച്ച് മന്ത്രിയാക്കും. അത്തരത്തിൽ ഞാൻ ഒരു സ്ഥാനമാനങ്ങളും ആ​ഗ്രഹിക്കുന്നില്ല. മിണ്ടാതിരുന്നിട്ട് കിട്ടുന്ന ഒരു സ്ഥാനമാനവും തനിക്ക് വേണ്ടെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി.