കെ സുധാകരനുമായി ചർച്ച നടത്തിയത് മഴ പെയ്യാത്തതിനെക്കുറിച്ച്; പിന്നെ അൽപം സംഘടനാ കാര്യവും ; പരിഹാസ പ്രതികരണവുമായി എംഎം ഹസൻ

single-img
9 June 2023

ഗ്രൂപ്പ് ഭിന്നതകളിൽ കെപിസിസി ഓഫീസിൽ ഇന്ന് അധ്യക്ഷൻ കെ സുധാകരനുമായി നടത്തിയ ചർച്ചയെക്കുറിച്ച് മാധ്യമങ്ങൾക്ക് മുൻപിൽ പരിഹാസ പ്രതികരണവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. ചർച്ച നടന്നത് മഴ പെയ്യാത്തതിനെക്കുറിച്ചാണെന്നും അൽപം സംഘടനാ കാര്യവും ചർച്ച ചെയ്തെന്നും ഹസൻ പറഞ്ഞു.

സംസ്ഥാനത്തെ നിലവിലുള്ള പ്രശ്നങ്ങൾ ഹൈക്കമാന്റിനെ അറിയിക്കും. ഇക്കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനോട് പറയേണ്ട കാര്യമില്ലെന്നും എംഎം ഹസൻ വ്യക്തമാക്കി. എ ഐ ഗ്രൂപ്പ് നേതാക്കളെയാണ് കെ സുധാകരൻ ഇന്ന് ചർച്ചയ്ക്ക് വിളിച്ചത്. കേരളത്തിലെ കോൺഗ്രസിലെ പോര് ഒഴിവാക്കാനുള്ള നീക്കത്തിലാണ് കെപിസിസി പ്രസിഡന്റ്.

ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുമായി കെപിസിസി ഓഫീസിൽ ചർച്ച നടത്തി. പാർട്ടിക്കകത്തുള്ളത് ചെറിയ ചെറിയ കാറ്റാണെന്നും പ്രശ്നം പരിഹരിക്കുമെന്നും നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാതിക്കാരെ നേരിൽ കാണുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയത്. വിഷയം ഹൈക്കമാന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അക്കാര്യങ്ങൾ എന്താകുമെന്ന് നോക്കാം എന്നുമായിരുന്നു കെ സുധാകരനുമായുള്ള ചർച്ചക്ക് ശേഷം രമേശ് ചെന്നിത്തലയുടെ പ്രതികരണം.