ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചിയില്‍ തന്നെയുണ്ടെന്ന് വെളിപ്പെടുത്തല്‍

single-img
17 January 2023

ദില്ലി: 1993ലെമുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചിയില്‍ തന്നെയുണ്ടെന്ന് വെളിപ്പെടുത്തല്‍.

ഭീകരാക്രമണത്തിന് ഫണ്ട് നല്‍കിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്ത ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവനാണ് വിവരങ്ങള്‍ വെളിപ്പെടുത്തി‌യതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു..

ദാവൂദിന്റെ പരേതയായ സഹോദരി ഹസീന പാര്‍ക്കറിന്റെ മകന്‍ അലിഷാ ഇബ്രാഹിം പാര്‍ക്കറാണ് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച്‌ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയത്. കറാച്ചിയിലെ അബ്ദുല്ല ഗാസി ബാബ ദര്‍ഗയ്ക്ക് സമീപമുള്ള പ്രതിരോധ മേഖലയിലാണ് ദാവൂദ് ഇബ്രാഹിം താമസിക്കുന്നത്. ദാവൂദ് രണ്ടാമതും വിവാഹിതനായെന്നും ഇയാള്‍ വെളിപ്പെടുത്തി. ദാവൂദ് തന്റെ ആദ്യ ഭാര്യ മെഹ്‌ജബീനുമായി വിവാഹമോചനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഭാര്യക്ക് മുംബൈയിലെ ബന്ധുക്കളുമായി ബന്ധമുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതായി കാണിക്കുന്ന രേഖകള്‍ തെറ്റാണെന്നും ഇയാള്‍ പറഞ്ഞു. താന്‍ ദാവൂദിന്റെ ആദ്യ ഭാര്യയെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദുബായില്‍ വച്ചാണ് അവസാനമായി കണ്ടത്. അവര്‍ വിശേഷ ദിവസങ്ങളില്‍ തന്റ ഭാര്യയുമായി ഫോണില്‍ സംസാരിക്കാറുണ്ട്. അവര്‍ വാട്‌സ്‌ആപ്പ് കോളുകള്‍ വഴി ഭാര്യയുമായി സംസാരിക്കാറുണ്ടെന്നും അലിഷാ ഇബ്രാഹിം പാര്‍ക്കറുടെ പ്രസ്താവനയില്‍ പറയുന്നു.

ആഗോള തീവ്രവാദ ശൃംഖലയുടെ നേതാവും രാജ്യാന്തര സംഘടിത കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനും കൂട്ടാളി ഛോട്ടാ ഷക്കീലിനും ഡി കമ്ബനിയിലെ മറ്റ് മൂന്ന് അംഗങ്ങള്‍ക്കുമെതിരെ കഴിഞ്ഞ വര്‍ഷം ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സി മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഡി-കമ്ബനിയിലെ മുംബൈ സ്വദേശികളായ മൂന്ന് അംഗങ്ങളെ 2022 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെ ‘ഡി-കമ്ബനി’യുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിം ഹവാല മാര്‍ഗത്തിലൂടെ വന്‍തുക അയച്ചതായി എന്‍ഐഎ ആരോപിച്ചു. മുംബൈയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഭീകരവാദം വളര്‍ത്തുന്നതിനായി പ്രതികള്‍ക്ക് പണം ലഭിച്ചതായും അന്വേഷണ ഏജന്‍സി അവകാശപ്പെട്ടു.