സംസ്ഥാനത്തെ സംരംഭങ്ങളുടെ എണ്ണം; മനോരമ വാര്‍ത്ത നാടിനെതിരായ യുദ്ധപ്രഖ്യാപനം: മന്ത്രി പി രാജീവ്

single-img
18 February 2023

സംസ്ഥാനത്തെ സംരഭങ്ങളുടെ എണ്ണം സർക്കാർ കണക്കുകളിൽ പെരുപ്പിച്ച് കാണിച്ചുവെന്ന മനോരമ വാര്‍ത്തയ്ക്ക് മറുപടിയുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഇതുമായി ബന്ധപ്പെട്ട മനോരമയുടെ വാര്‍ത്ത നാടിനെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് മറ്റുള്ള സംസ്ഥാനങ്ങളില്‍ മാത്രമേ സംരംഭം പാടുള്ളു എന്ന ചിന്തയുടെ ഭാഗമാണിത്.

എന്തെങ്കിലും തരത്തിലുള്ള കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. അങ്ങിനെയുള്ളതിനെ ക്രിയാത്മകമായി വിമര്‍ശിക്കുകയും ചെയ്യാം. പക്ഷെ ഇവിടെ , സംരഭങ്ങളുടെ എണ്ണം കളവാണെന്ന പ്രചാരണം മാധ്യമപ്രവര്‍ത്തനത്തിന് ചേരാത്തതാണെന്നും മന്ത്രി പറഞ്ഞു.

ഈ രീതിയിൽ തെറ്റായ വാര്‍ത്ത നല്‍കിയ മനോരമ ഈ വിഷയത്തില്‍ ഇതുവരെയും മന്ത്രിയായ തന്റെ പ്രതികരണം തേടിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2021-22 വർഷത്തിൽ 17.3 ശതമാനം വ്യവസായ വളര്‍ച്ചയാണ് കേരളത്തിലുണ്ടായത്. വ്യവസായ ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ 18.9 ശതമാനവും വളര്‍ച്ച കേരളം കൈവരിച്ചു. ഇതാവട്ടെ ദേശീയ വളര്‍ച്ചയായ 18.16 ശതമാനത്തിനും മുകളിലാണ്. കള്ളവാര്‍ത്തയെന്ന് പ്രചരിപ്പിച്ചവര്‍ ഇത്തരം വാര്‍ത്തകള്‍ മൂടിവെക്കുകയാണെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.