ആസാദ് കാശ്മീർ പരാമർശം; കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ നിർദ്ദേശം

single-img
12 September 2022

സോഷ്യൽ മീഡിയയിലൂടെ നടത്തിയ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. പരാതിക്കാരന്‍ കോടതിയിൽ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്.

വിഷയത്തിൽ വിശദമായ വാദം കേട്ട ശേഷമാണ് ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് റോസ് അവന്യൂ കോടതി, തിലക് മാര്‍ഗ് പൊലീസിന് നിര്‍ദേശം നല്‍കിയത്. വിഷയത്തിൽ കേരളത്തിൽ കേസ് നടക്കുന്നതിനാൽ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കിയിരുന്നു.

ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നതായിരുന്നു പരാതിക്കാരന്റെ ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഡല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജി.എസ്.മണി കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശം നൽകിയാൽ കേസെടുക്കാമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്.