ബില്ലുകൾ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധം; രാഷ്ട്രപതി ഉൾപ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണ് : മന്ത്രി പി രാജീവ്

single-img
23 March 2024

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന കാര്യത്തിൽ സുപ്രീം കോടതി ഉത്തരവുണ്ടെന്ന് മന്ത്രി പി.രാജീവ്. രാഷ്ട്രപതിയുടെ അനുമതി ആവശ്യമായ പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ബില്ലുകളല്ലെന്നിരിക്കെ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്.

ഈ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്കയച്ച നടപടി തന്നെ ഭരണഘടനാപരമല്ല. ബില്ലുകൾ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. രാഷ്ട്രപതി ഉൾപ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.

കേരളാ നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് കേരളം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയത്. രാഷ്ട്രപതിയെ കൂടാതെരാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

നിലവിൽ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനം ഹര്‍ജി നല്‍കിയിരിക്കുന്നത്.