ചിറയിൻകീഴിലെ തോൽവി: രമ്യ ഹരിദാസ് എംഎൽഎക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ്

single-img
29 September 2026

ചിറയിൻകീഴിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് രമ്യ ഹരിദാസ് എംഎൽഎയുടെ ഇടപെടലുകളാണ് കാരണമെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് എസ്. സജാദ്. വീട് കയറി ആക്രമിക്കുന്ന സാഹചര്യം ജനങ്ങൾ കണ്ടതായും പാർട്ടി പ്രവർത്തകർക്ക് വലിയ വിഷമമുണ്ടാക്കിയ തോൽവിയാണ് ഉണ്ടായതെന്നും സജാദ് പ്രതികരിച്ചു.

പാർട്ടി കാര്യങ്ങൾ മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎയും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിൽ എൽഡിഎഫിലെ എസ്. ബിജിമോൾ 359 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡും എൽഡിഎഫിലെ രമ്യ വി. തുളസി 139 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു.

അതേസമയം, ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കെപിസിസി അച്ചടക്ക നടപടി നേരിട്ട പ്രാദേശിക നേതാവാണ് എസ്. സജാദ്. രമ്യ ഹരിദാസ് എംഎൽഎയും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പാളയം പ്രദീപിനൊപ്പം സജാദിനെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് താക്കീത് നൽകുകയും ചെയ്തിരുന്നു.