ക്രിക്കറ്റ് മത്സരം കാണാൻ കാണികൾ കുറഞ്ഞതിന്റെ പഴി സർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കരുത്: മന്ത്രി എം ബി രാജേഷ്

single-img
16 January 2023

കാര്യവട്ടത്തെ കഴിഞ്ഞദിവസം നടന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മാച്ചിൽ കാണികൾ കുറഞ്ഞതിന്റെ പഴി സർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ്. അങ്ങിനെ ചെയ്യാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. സർക്കാർ വിനോദ നികുതി കൂട്ടി എന്നതും ശരിയല്ല.

നേരത്തെ ഉണ്ടായിരുന്ന വിനോദ നികുതി 24 % ത്തിൽ നിന്നും 12% ആക്കി ഇളവ് നൽകിയിരുന്നു. അത് കെസിഎയ്ക്ക് അറിയാം. അങ്ങിനെയല്ലാതെയുള്ള പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, ടിക്കറ്റ് വിവാദത്തിന് പിന്നാലെ കളി കാണാൻ കാണികൾ കുറഞ്ഞതോടെ കായിക മന്ത്രിക്കെതിരെ വിമർശനം ശക്തമാവുകയാണ്.

കാണികൾ കുറഞ്ഞ ഗ്യാലറിക്ക് കാരണം അബ്ദുറഹ്മാന്‍റെ പരാമർശമാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു . കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കുന്നത് പരിതാപകരമാണ്. വിവേകത്തിന്‍റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് മനസിലാക്കണമെന്നും പന്ന്യൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.