ഇന്തോനേഷ്യയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 303 ആയി

ഇന്തോനേഷ്യയിൽ ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് ഉണ്ടായ കനത്ത മണ്ണിടിച്ചിലും പ്രളയവും മൂലം മരണസംഖ്യ 303 ആയി ഉയർന്നു. സുമാത്ര ദ്വീപിലെ പല ഭാഗങ്ങളിലാണ് ദുരന്തം ഏറ്റവും രൂക്ഷമായത്. ഇതുവരെ 279 പേർ കാണാതായിരിക്കുകയാണ്. എൺപതിനായിരത്തോളം പേർ വീടുകൾ വിട്ടൊഴിഞ്ഞ് ദുരിതാശ്വാസക്യാംപുകളിലാണ് കഴിയുന്നത്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിലാകെ കനത്ത മഴ തുടരുകയാണ്.
മണ്ണിടിച്ചിലിൽ നിരവധി റോഡുകൾ പൂർണമായും തകരുകയും ആശയവിനിമയവും അടിസ്ഥാന സൗകര്യങ്ങളും തകർന്നതോടെ പല പ്രദേശങ്ങളും പുറംലോകത്തിൽ നിന്ന് ഒറ്റപ്പെട്ടു. നിരവധി പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തനം അത്യന്തം പ്രയാസകരമാണെന്ന് ഇന്തോനേഷ്യൻ സൈനിക മേധാവി സുഹര്യാന്റോ അറിയിച്ചു. മണ്ണിടിച്ചിലിൽ രൂപപ്പെട്ട റോഡ് തടസ്സങ്ങൾ നീക്കാൻ രക്ഷാസേന ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് കൂടുതൽ സൈന്യത്തെ നിയോഗിക്കുമെന്നും സൈനിക മേധാവി വ്യക്തമാക്കി.


