സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐക്ക് കേസ് കൈമാറാനുള്ള ഉത്തരവ് വൈകിയതില്‍ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

single-img
26 March 2024

പൂക്കോട് വെറ്ററനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കേസ് സിബിഐക്ക് കൈമാറാനുള്ള ഉത്തരവ് വൈകിയതില്‍ അന്വേഷണത്തിന്‌നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര സെക്രട്ടറി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ രേഖകള്‍ ഉടന്‍ സിബിഐക്ക് കൈമാറുന്നതില്‍ വിമര്‍ശനവുമായി കുടുംബം രംഗത്തെത്തിയിരുന്നു.

സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. അന്വേഷണം വഴിമുട്ടിയതില്‍ ഭയമുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ പിതാവ് പറഞ്ഞിരുന്നു. വിജ്ഞാപനം പുറത്തിറക്കിയിട്ടും പെര്‍ഫോമ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറിയിരുന്നില്ല. മുഖ്യമന്ത്രി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ഇമെയില്‍ വഴി സര്‍ക്കാര്‍ പെര്‍ഫോമ റിപ്പോര്‍ട്ട് കൈമാറി.

പെര്‍ഫോമ റിപ്പോര്‍ട്ട് നേരിട്ട് നല്‍കാന്‍ ഡി.വൈ.എസ്.പി ഡല്‍ഹിയിലേക്ക് പുറപ്പെടും. സ്‌പെഷ്യല്‍ സെല്‍ ഡി.വൈ.എസ്.പി എസ് ശ്രീകാന്താണ് ഡല്‍ഹിക്ക് പോകുന്നത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സി.ബി.ഐ കേസ് പരിഗണിക്കുക. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും റിപ്പോര്‍ട്ട് നല്‍കാത്തത് വിവാദമായിരുന്നു.