കൊടുവള്ളി നഗരസഭയുടെ നിർദ്ദേശം; പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ നീക്കം ചെയ്‌തു
ലോകകപ്പ് ആവേശങ്ങൾ അവസാനിച്ചതോടെ കോഴിക്കോട് പുളളാവൂരിലെ പുഴയിൽ സ്ഥാപിച്ച ഫുട്‌ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ നീക്കി. കൊടുവള്ളി നഗരസഭയുടെ നിര്‍ദേശ പ്രകാരം മെസിക്കുപുറമെ ക്രിസ്‌റ്റ്യാനോയുടെയും കട്ടൗട്ടും നീക്കം ചെയ്‌തു.
സ്ഥാപിച്ച സമയം ഈ കട്ടൗട്ടുകളുടെ ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഏറ്റെടുക്കുകയും ഫിഫ ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിൽ ഷെയർ ചെയ്യുകയും ചെയ്‌തിരുന്നു. പുള്ളാവൂരിലെ അർജന്റീന ആരാധകരാണ് ആദ്യം മെസ്സിയുടെ 30 അടിയോളം വരുന്ന കട്ടൗട്ട് സ്ഥാപിച്ചത്.
ഇതിനെ തുടർന്ന് വെല്ലുവിളി ഏറ്റെടുത്ത ബ്രസീൽ ആരാധകർ നെയ്‌മർ ജൂനിയറിന്റെ നാൽപ്പത് അടിയോളം വരുന്ന കട്ടൗട്ടുമായി മറുപടി നൽകി. എന്നാൽ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നു എന്ന് കാട്ടി ശ്രീജിത്ത് പെരുമന പരാതി നൽകിയതോടെ വിവാദം കൊഴുത്തു.
വിവാദങ്ങൾക്കിടെ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ അൻപത് അടി വരുന്ന കട്ടൗട്ട് കൂടി സ്ഥാപിച്ചതോടെ പുള്ളാവൂർ പുഴയിലെ മത്സരം പൂർണമായി. പിന്നാലെ ആരാധകർക്ക് ഒപ്പം നിൽക്കുമെന്ന് നഗരസഭ പ്രഖ്യാപിക്കുക കൂടി ചെയ്‌തതോടെ വിവാദം അവസാനിക്കുകയായിരുന്നു.