വിമർശനങ്ങൾ പരിഹാസങ്ങളാകരുത്; സോഷ്യൽ മീഡിയ റിവ്യുകളെ കുറിച്ച് മമ്മൂട്ടി

single-img
2 February 2023

മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഫെബ്രുവരി 9ന് തിയറ്ററുകളിൽ എത്തുന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് അണിയറ പ്രവർത്തകർ. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന സിനിമ റിവ്യുകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

അടുത്തകാലതായി ഇറങ്ങുന്ന സിനിമകളെ കുറിച്ച് പല സോഷ്യൽ മീഡിയകളും റിവ്യുകൾ എഴുതുന്നുണ്ട്. ആ എഴുത്തിന് അനുസരിച്ചാകും പലപ്പോഴും സിനിമകൾ കാണാൻ ആളുകൾ തിയറ്ററിൽ എത്തുന്നത്. സിനിമ കണ്ടിട്ടില്ലാത്തവർ വരെ ഇത്തരം റിവ്യുകൾ നടത്താറുമുണ്ട്.

ഇത്രയും വർഷം സിനിമാ മേഖലയിൽ ഉള്ള ആളെന്ന നിലയിൽ, ഈ ഇൻഡസ്ട്രിയെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ് എന്നുള്ളത് കൊണ്ടുതന്നെ, എങ്ങനെയാണ് മമ്മൂട്ടി ഈ വിഷയത്തെ കാണുന്നത് എന്നായിരുന്നു ചോദ്യം.

മമ്മൂട്ടിയുടെ മറുപടി ഇങ്ങിനെ: ‘അതിന്റെ മെരിറ്റ്സും ഡി മെരിറ്റ്സുമൊന്നും നമ്മൾ അന്വേഷിച്ച് പോയിട്ട് കാര്യമില്ല. അവയ്ക്ക് ഒക്കെ പല അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഉണ്ട്. വിമർശനങ്ങൾ പരിഹാസങ്ങൾ ആകാതിരുന്നാൽ മതി. പലപ്പോഴും അതിര് വിട്ട് പോകുന്നത് അവിടെയാണെന്നാണ് എനിക്ക് തോന്നുന്നത്. അത് നല്ലതല്ല’.