ബെൻസ് കാർ അപകടമരണം: ജഡ്ജിക്കെതിരായ കുടുംബത്തിന്റെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ ജഡ്ജിക്കെതിരെ കുടുംബം നൽകിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയാണ് കഴിഞ്ഞ ദിവസം ചേരാനല്ലൂർ എസ്‌എച്ച്‌ഒയ്ക്ക് പരാതി നൽകിയത്. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന ‘ജഡ്ജ്’ എന്ന ബോർഡ് നീക്കം ചെയ്തെന്നും പൊലീസുകാരെ ചട്ടവിരുദ്ധമായി സ്വാധീനിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അന്വേഷണവുമായി ജഡ്ജി സഹകരിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് കുടുംബം പുതിയ പരാതി നൽകിയത്.
ഒക്ടോബർ 25ന് പുലർച്ചെയാണ് അപകടമുണ്ടായത്. ജഡ്ജിയുടെ 17കാരനായ മകൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാർ ഇടിച്ച് മഞ്ഞാലി സ്വദേശിയും തട്ടുകട ഉടമയുമായ ജയബാലകൃഷ്ണൻ മരിക്കുകയായിരുന്നു.


