കേരളത്തിന് വന്ദേഭാരത് അനുവദിച്ചതിന്റെ ക്രെഡിറ്റ് എംപിമാര്‍ക്കോ മന്ത്രിമാര്‍ക്കോ അല്ല: വി മുരളീധരൻ

single-img
24 September 2023

കേരളത്തിനായി കേന്ദ്രം വന്ദേഭാരത് അനുവദിച്ചതിന്റെ ക്രെഡിറ്റ് എംപിമാര്‍ക്കോ മന്ത്രിമാര്‍ക്കോ അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അതുപോലെയുള്ള ക്രെഡിറ്റ് ആവശ്യപ്പെടുന്നവര്‍ ഉത്തരത്തില്‍ ഇരിക്കുന്ന പല്ലികളെ പോലെ ആകരുത്. രാഷ്ട്രീയം നോക്കിയല്ല വികസനത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.

കാസർകോട് ജില്ലയ്ക്കും വികസനത്തിന് അര്‍ഹതയുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞ പ്രധാനമന്ത്രിയാണ് മോദി. വന്ദേഭാരത് അനുവദിച്ചതില്‍ വ്യക്തിപരമായി ഒരു എംപിമാര്‍ക്കോ മന്ത്രിമാര്‍ക്കോ ക്രെഡിറ്റ് കൊടുക്കേണ്ടതില്ല. മോദി സര്‍ക്കാരിന്റെ നയം രാജ്യത്തിന്റെ എല്ലാ ഭാഗത്തും വികസനം എത്തണമെന്നതാണ്. കേരളത്തില്‍ നിന്ന് നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന ഒരു എം പി പോലുമില്ലാതിരുന്നിട്ടും ഇതെല്ലാം കേരളത്തിന് അനുവദിക്കുന്നുണ്ട്.

ആര് ആവശ്യപ്പെടുന്നു എന്ന് നോക്കിയിട്ടല്ല മോദി വികസനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. അടിയില്‍ പറ്റിക്കിടക്കുമ്പോള്‍ പല്ലിക്ക് തോന്നും താനാണ് ഉത്തരം താങ്ങിനിര്‍ത്തുന്നതെന്ന്. അത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നവരാകരുത് എംപിമാര്‍. അവര്‍ നരേന്ദ്രമോദിക്ക് നന്ദി പറയുകയാണ് ചെയ്യേണ്ടത്.

രാജ്യം വികസിക്കണമെങ്കില്‍ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിക്കണം. ഇവ അതിവേഗം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. പദ്ധതികള്‍ ദീര്‍ഘമായി നീണ്ടുപോകുന്നതിനോട് ഒട്ടും യോജിക്കാത്ത ആളാണ് അദ്ദേഹം. അടുത്ത വര്‍ഷത്തോടെ നാനൂറ് വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് വിവിധയിടങ്ങളിലായി നടപ്പിലാക്കാന്‍ പോകുന്നത്. കേരളത്തില്‍ ആദ്യമായി കാസര്‍ഗോഡ് നിന്നൊരു അതിവേഗ തീവണ്ടി എന്ന പ്രഖ്യാപനം മലയാളികള്‍ സ്വപ്‌നം പോലും കാണാതിരുന്നതാണ്’. വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.