ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചു; മുതലമട പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണംപോയി

single-img
4 February 2023

പാലക്കാട് ജില്ലയിലെ മുതലമട ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി. സ്വതന്ത്രര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. പഞ്ചായത്തിലെ സ്വതന്ത്ര അംഗങ്ങളായ സാജുദ്ദീന്‍, കല്‍പനാദേവി എന്നിവരാണ് അവിശ്വാസം കൊണ്ടുവന്നത്. ഇവരെ ബിജെപിയും കോണ്‍ഗ്രസും പിന്തുണയ്ക്കുകയായിരുന്നു. പ്രമേയത്തെ പതിനൊന്നുപേര്‍ പിന്തുണക്കുകയും എട്ടുപേര്‍ എതിര്‍ക്കുകയും ചെയ്തു.

സിപിഎം 9, യുഡിഎഫ് 6 , ബിജെപി 3, സ്വതന്ത്രര്‍ 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതിൽ സിപിഎമ്മിലെ ഒരംഗം രാജിവച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി കക്ഷിനില എട്ടായി ചുരുങ്ങുകയായിരുന്നു. അതേസമയം, വിട്ടുനില്‍ക്കണമെന്ന വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ പങ്കെടുത്ത അംഗങ്ങളുടെ പ്രാഥമികാംഗത്വം ബിജെപി സസ്‌പെന്‍ഡ് ചെയ്തു. കെ.ജി പ്രദീപ് കുമാര്‍, കെ. സതീഷ്, സി. രാധ എന്നിവര്‍ക്കെതിരെയായിരുന്നു പുറത്താക്കൽ നടപടി.