വെനസ്വേലക്കെതിരായ യുഎസ് ആക്രമണത്തെയും പലസ്തീനിലെ മനുഷ്യർക്കെതിരെ ഇസ്രയേൽ നടത്തുന്ന അതിക്രമത്തെ സിപിഐഎം അപലപിച്ചു: എംഎ ബേബി

single-img
18 January 2026

വെനസ്വേലയ്ക്കെതിരായ യുഎസ് ആക്രമണത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിച്ചുവെന്നും ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. പലസ്തീനുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അദ്ദേഹം, പലസ്തീനിലെ ജനങ്ങള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ കേന്ദ്ര കമ്മിറ്റി അപലപിച്ചതായും വ്യക്തമാക്കി. ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദേശകാര്യ നയം അപമാനകരമാണെന്നും, അമേരിക്കയുടെ നിര്‍ദേശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും എം.എ. ബേബി വിമര്‍ശിച്ചു. യുഎസ് നയങ്ങളോടുള്ള കേന്ദ്രത്തിന്റെ നിലപാട് രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി–ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം സംഘടിപ്പിക്കുമെന്ന് എം.എ. ബേബി വ്യക്തമാക്കി. രാജ്യത്ത് മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും, സ്ത്രീകള്‍, ആദിവാസികള്‍, കുട്ടികള്‍ എന്നിവരോടുള്ള ആക്രമണങ്ങളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള ആര്‍എസ്എസ്–ബിജെപി അജണ്ടയുടെ ഭാഗമായാണ് ഇതെല്ലാമെന്നും ആരോപിച്ച അദ്ദേഹം, ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവിയും ജനാധിപത്യ അവകാശങ്ങളും ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.