താനൂർ ദുരന്തം; ബോട്ടുടമ നാസറിനെ കോടതി റിമാന്‍ഡ് ചെയ്തു

single-img
9 May 2023

മലപ്പുറം ജില്ലയിലെ താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തില്‍ ബോട്ടിന്റെ ഉടമ നാസറിനെ കോടതി റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

അതേസമയം, പ്രതിയെ ഹാജരാക്കി മടങ്ങിയ പൊലീസ് വാഹനത്തിന് നേരെ ആളുകള്‍ പ്രതിഷേധം ഉയര്‍ത്തി. ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വൈകിട്ട് മണിയോടെ ബോട്ട് ഉടമ നാസറിനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. താനൂരിലെ ശക്തമായ ജനരോഷം കണക്കിലെടുത്ത്, നാസറിനെ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ചോദ്യം ചെയ്തത്.

പോലീസ് കൊലക്കുറ്റം ചുമത്തിയാണ് നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു ശേഷം മലപ്പുറം താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. ഇനി ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രത്യേക അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. അതേസമയം, ബോട്ട് ഓടിച്ച ദിനേശന്‍ സഹായി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് മലപ്പുറം എസ് പി, എസ് സുജിത്ത് ദാസ് അറിയിച്ചു.