കോൺഗ്രസ് തുറന്ന വാതിൽ; ആളുകൾക്ക് വരികയും പോവുകയും ചെയ്യാം:ജോയ് മാത്യു

single-img
21 June 2023

കോണ്‍ഗ്രസ് പാർട്ടി എന്നത് ഒരു തുറന്ന വാതിലാണെന്നും ആര്‍ക്ക് വേണമെങ്കിലും പുറത്ത് പോകാനും തിരികെ വരാനും കഴിയുന്ന ഒരു സംവിധാനമാണ് കോണ്‍ഗ്രസിലുള്ളതെന്നും ന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വിനോദ ചാനലായ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസ് എപ്പോഴും ലിബറലാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പോകാം. മുരളിയൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പോയി പിന്നെ വന്നതല്ലേ. എത്ര ആള്‍ പോയി, പിന്നെയും വന്നു. അതൊരു തുറന്ന വാതിലാണ്. ആളുകള്‍ക്ക് വരികയും പോകുകയുമൊക്കെ ചെയ്യാം. അഭിപ്രായം പ്രകടിപ്പിക്കാം, ഗ്രൂപ്പുണ്ടാക്കാം, മത്സരിക്കാം. ആ മത്സരം നല്ലതാണ്. ഇപ്പോഴിതാ യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു.

ഇവയെല്ലാം നല്ലതാണെന്നാണ് ഞാന്‍ പറയുന്നത്. ഇതൊന്നുമല്ലാതെ , പിറകിലൂടെ പണിതരുന്ന പരിപാടിയല്ല. നേരായരീതിയില്‍ മത്സരിക്കുന്നു, ഭൂരിപക്ഷം കിട്ടിയ ആളെ അംഗീകരിക്കുന്നു. അതാണ് ശരി, അതാണ് ജനാധിപത്യം. ധാരാളം ഗ്രൂപ്പുകളാണെങ്കിലും അവര്‍ ഒരുമിച്ച് നില്‍ക്കുന്നുണ്ട്.

പ്രതിഷേധ സമരങ്ങളില്‍ അവര്‍ ഒരുമിച്ചാണ്. അവിടെ ഗ്രൂപ്പ് പറഞ്ഞ് മാറി നില്‍ക്കുന്നില്ല. കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന എല്ലാ പ്രതിഷേധ പരിപാടികളിലും അവര്‍ ഒരുമിച്ചാണ്. ആ ഒരു കള്ക്ടീവ് സ്പിരിറ്റ് ഉള്ളപ്പോള്‍ തന്നെ അതിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുള്ള സ്‌പേസ് ഉണ്ട്. അതാണ് ജനാധിപത്യം. ശശിതരൂര്‍ മുഖ്യമന്ത്രിയായാല്‍ നന്നായിരിക്കും. ചെറുപ്പക്കാര്‍ക്കൊക്കെ വലിയ ആവേശമായിരിക്കും. കാരണം, വിവരമുള്ള ഒരാളാണല്ലോ. ലോകപരിചയമുണ്ട്. പുസ്തകം വായിക്കുന്ന ആളുമാണ്’- ജോയ് മാത്യു പറഞ്ഞു.