കണ്ണൂർ എരഞ്ഞോളിയിൽ കോൺഗ്രസ് ഓഫീസ് തകർത്തു; സിപിഐഎമ്മിനെതിരെ ആരോപണം

കണ്ണൂർ എരഞ്ഞോളിയിൽ കോൺഗ്രസ് അട്ടിമറി വിജയം നേടിയ പ്രദേശത്ത് പാർട്ടി ഓഫീസ് അടിച്ചുതകർത്തു. എരഞ്ഞോളി മഠത്തും ഭാഗത്തെ പ്രിയദർശിനി കോൺഗ്രസ് ഭവനാണ് അക്രമത്തിനിരയായത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
ഓഫീസിലെ ഫർണിച്ചറുകൾ പൂർണ്ണമായും തകർത്തതോടൊപ്പം മേൽക്കൂരയിലെ ഓടുകളും നശിപ്പിച്ചിട്ടുണ്ട്. ഷട്ടർ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത ശേഷം അകത്ത് കയറിയ അക്രമികൾ മഹാത്മാഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങൾ പുറത്തേക്ക് എറിഞ്ഞ് നശിപ്പിക്കുകയും ഫർണിച്ചറുകൾ അടിച്ചുപൊളിച്ച് സമീപത്തെ തോട്ടിലേക്ക് തള്ളുകയും ചെയ്തതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു.
അക്രമത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ ആരോപിച്ചു. സിപിഐഎം കോട്ടകളായിരുന്ന എരഞ്ഞോളി പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെയാണ് അക്രമമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ചേനാടം വാർഡിൽ നിന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുശീൽ ചന്ദ്രോത്തും മഠത്തും ഭാഗം വാർഡിൽ നിന്ന് മണ്ഡലം പ്രസിഡന്റ് മനോജ് നാലാം കണ്ടത്തിലും വിജയിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എരഞ്ഞോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും വാർഡ് മെമ്പറുമായ മനോജ് നാലാം കണ്ടത്തിൽ ധർമ്മടം പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


