മികച്ച പ്രതിപക്ഷമാകാനുളള അവസരം കോൺ​ഗ്രസ് നഷ്ടമാക്കി; വീണ്ടും പ്രതിപക്ഷത്തിരിക്കാൻ ജനം ആശീർവദിക്കും: പ്രധാനമന്ത്രി

single-img
5 February 2024

സഭയിലെ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോലിന്റെ പിന്നാലെ നടന്നതിൽ അഭിമാനമെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തെ രൂക്ഷഭാഷയിൽ പരിഹസിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് കുറേക്കാലത്തേക്ക് അധികാരത്തിലെത്താൻ കഴിയില്ലെന്നും വീണ്ടും പ്രതിപക്ഷത്തിരിക്കാൻ ജനം ആശീർവദിക്കുമെന്നും മോദി വ്യക്തമാക്കി.

നിലവിൽ പ്രതിപക്ഷത്തെ പലർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ല. മികച്ച പ്രതിപക്ഷമാകാനുളള അവസരം കോൺ​ഗ്രസ് നഷ്ടമാക്കിയെന്നും മോദി വിമർശിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ എവിടെയെന്ന് ചോദ്യത്തോട് പ്രധാനമന്ത്രി ക്ഷോഭത്തോടെയാണ് മറുപടി പറഞ്ഞത്. സ്ത്രീകളിലും യുവാക്കളിലും കർഷകരിലും ന്യൂനപക്ഷങ്ങളില്ലേയെന്ന് മോദി ചോദിച്ചു.

പ്രതിപക്ഷമായ കോൺ​ഗ്രസിലെ കുടുംബഭരണം കാരണം കഴിവുള്ളവർക്ക് ഉയരാനായില്ലെന്നും മോദി കുറ്റപ്പെടുത്തി. ഒരു കുടുംബത്തിലെ കൂടുതൽ പേർ രാഷ്ട്രീയത്തിലെത്തുന്നത് ദോഷമല്ല. എന്നാൽ കുടുംബം പാർട്ടിയെ നയിക്കുന്നത് ജനാധിപത്യത്തിന് അപകടമാണ്. രാജ്നാഥ് സിംഗിൻറെയും അമിത് ഷായുടെയും കുടുംബങ്ങൾ പാർട്ടി നടത്തുന്നില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു.