കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടത് കൃത്യമായ അജണ്ടയോടെ; വയനാട് വിഷയം ഉയർത്തിയ സിപിഐഎം സ്വയം അപഹാസ്യരാവും: കെസി വേണുഗോപാൽ

single-img
10 April 2026

യുഡിഎഫ് വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഐഎമ്മും മനസ്സിലാക്കും. ചിറ്റൂരിൽ എൻഡിഎ സ്ഥാനാർഥി എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചത് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്നും കെസി വേണുഗോപാൽ പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം ദൃശ്യമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. എല്ലാ ജില്ലകളിലെയും പ്രചരണത്തിൽ ആ പ്രതീതി ഉണ്ടായിരുന്നു. ഞങ്ങളുടെ വിശ്വാസം കവച്ച് വെക്കുന്ന പ്രതികരണം വോട്ടർമാരിൽ നിന്ന് ഉണ്ടായി. പതിവ് രീതി വിട്ട് വോട്ട് ചെയ്യാൻ ജനങ്ങൾ കാണിച്ച ആവേശം യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കെസി വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. കിറ്റുകൾ നിരവധി സ്ഥലത്ത് വിതരണം ചെയ്തു. പണം ഒഴുക്കി വോട്ട് പിടിക്കാൻ ആണ് ബിജെപി ശ്രമിച്ചത്. മറു വശത്ത് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ഇതെല്ലാം പരാജയപ്പെടും. കേരളത്തിലെ ജനങ്ങളെ വിഡ്ഢികൾ ആക്കാൻ കഴിയില്ല. ജനങ്ങളും ഇത് മനസ്സിലാക്കിയെന്ന് അദേഹം പറഞ്ഞു.

ബിജെപി അക്കൗണ്ട് തുറക്കും എന്ന അവകാശവാദത്തിലും കെസി വേണുഗോപാൽ പ്രതികരിച്ചു. ആത്മവിശ്വാസം നാലാം തിയ്യതി വരെ ആർക്കും പ്രകടിപ്പിക്കാം. കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടത് കൃത്യമായ അജണ്ടയോടെയാണ്. വയനാട് വിഷയം ഉയർത്തിയ സിപിഐഎം സ്വയം അപഹാസ്യരാവും. തങ്ങളുടെ അഴിമതി മറച്ച് വെയ്ക്കാൻ ആണ് സിപിഐഎം വയനാട് ഉന്നയിച്ചതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

കേരളത്തിൽ പിണറായിയുടെ ഹോർഡിംഗ് തട്ടി നടക്കാൻ വയ്യാത്ത അവസ്ഥയാണ്. ആ അമിത പ്രചരണം കോൺഗ്രസിന് ഗുണം ചെയ്തു. അധികാരത്തിൽ വന്നാൽ എന്ത് ചെയ്യുമെന്ന കാര്യവും കോൺഗ്രസ് ജനങ്ങൾക്ക് മുന്നിൽ വെച്ചു. യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും വ്യക്തിപരമായ വിഷയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അഹോരാത്രം വിജയത്തിനായി പ്രവർത്തിക്കുന്ന യുഡിഎഫ് പ്രവർത്തകരെ ആണ് തനിക്ക് കാണാൻ സാധിച്ചത്. കേരളത്തിന് അകത്തും പുറത്തും ഉള്ള പ്രവർത്തകർ സൈബർ പ്രതിരോധം തീർത്തു. തെരഞ്ഞെടുപ്പിലെ താരങ്ങൾ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച പ്രവർത്തകരാണെന്ന് അദേഹം കൂട്ടിച്ചേർത്തു.