മണിപ്പൂരിൽ വീണ്ടും സംഘർഷം; സൈന്യത്തെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചു

single-img
22 May 2023

ഏതാനും ദിവസങ്ങള്‍ നീണ്ട സമാധാനാന്തരീക്ഷത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീണ്ടും വീണ്ടും ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് സൈന്യത്തെയും അര്‍ദ്ധസൈനിക വിഭാഗത്തെയും മണിപ്പൂരില്‍ അധികൃതർ വിന്യസിച്ചു. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോണ്‍ പ്രദേശത്ത് മെയ്തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഇവിടെയുള്ള ഒരു പ്രാദേശിക മാര്‍ക്കറ്റിലെ സ്ഥലത്തെച്ചൊല്ലിയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘർഷത്തിന് പിന്നാലെ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഈ മാസം 3 ന് പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ട് ഗോത്രവര്‍ഗക്കാര്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിനെ തുടര്‍ന്ന് ആദ്യം മലയോര മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

ഒരാഴ്ചയിലേറെയായി തുടർന്ന അക്രമത്തില്‍ 70-ലധികം പേര്‍ മരിക്കുകയും കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കത്തി നശിക്കുകയും ചെയ്തു ആയിരക്കണക്കിന് ആളുകള്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ സുരക്ഷിതത്വം തേടി വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

സംസ്ഥാനത്തെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നുവെന്നും കാടുകളില്‍ നിന്നും കുന്നുകളിലെ വീടുകളില്‍ നിന്നും തങ്ങളെ തുരത്താന്‍ ലക്ഷ്യമിട്ടുവെന്നും കുക്കികള്‍ ആരോപിക്കുന്നു.