തെലങ്കാനയിലെ ഗിഗ് തൊഴിലാളികൾക്കായി സമഗ്ര സാമൂഹിക സുരക്ഷാ പദ്ധതികൾ; പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

single-img
14 November 2026

തെലങ്കാനയിലെ ഗിഗ് തൊഴിലാളികൾക്കായി സമഗ്ര സാമൂഹിക സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെലങ്കാന ഗിഗ് വർക്കേഴ്സ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി വെൽഫെയർ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം.

പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് അഞ്ചു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും സർക്കാർ ഉറപ്പാക്കും. ഓരോ ഡെലിവറി ഇടപാടിൽ നിന്നും ഒരു ശതമാനം തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കുന്ന സംവിധാനവും നടപ്പാക്കും.

ഡെലിവറി തൊഴിലാളികൾക്ക് വിശ്രമിക്കാനും വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനും വൈഫൈ സൗകര്യങ്ങളോടുകൂടിയ വിശ്രമകേന്ദ്രങ്ങൾ വിവിധ നഗരങ്ങളിൽ ഒരുക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. പൂർത്തിയാക്കിയ യാത്രകൾ, ഡെലിവറികൾ, ലഭിക്കേണ്ട പ്രതിഫലം എന്നിവയുടെ വിവരങ്ങൾ മൊബൈൽ ഫോണിലൂടെ സുതാര്യമായി അറിയാനുള്ള ഡിജിറ്റൽ സംവിധാനവും പദ്ധതിയുടെ ഭാഗമാണ്.

ഗിഗ് തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചകളിൽ നേരിട്ട് മനസ്സിലാക്കിയ തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കുമെന്ന കോൺഗ്രസിന്റെയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും ഉറപ്പാണ് ഇപ്പോൾ നടപ്പാകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.