ബൈജൂസിനെതിരെ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നൽകി ടെക്‌നോപാര്‍ക്‌ ജീവനക്കാരുടെ ക്ഷേമസംഘടന

single-img
25 October 2022

എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ആപ്പില്‍ നിന്ന് ഏകദേശം 600 തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. ബൈജൂസ് കമ്പനി ഏറ്റെടുത്ത ടോപ്പര്‍, വൈറ്റ്ഹാറ്റ് എന്നീ കമ്പനിയില്‍ 300 പേരെ വീതമാണ് പിരിച്ചുവിടുന്നത്. ഇരു കമ്പനികളിലെയും സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഓപറേഷന്‍സ്, കണ്ടന്റ്, ഡിസൈന്‍ ടീമുകളില്‍ നിന്നുള്ള മുഴുവന്‍ സമയ കരാര്‍ ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.

ഇത്തരത്തിൽ പിരിച്ചുവിടപ്പെടുന്ന തൊഴിലാളികളുടെ പ്രശ്‌നം സംസ്ഥാന തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ ശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുകയാണ് ടെക്‌നോപാര്‍ക്‌ ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി.

ബൈജൂസ്‌ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെയാണ് തിരുവനന്തപുരത്തുള്ള പ്രവര്‍ത്തനം നിര്‍ത്തുന്നതെന്നും 170ലധികം പേരെയാണ് ഇത് ബാധിക്കുന്നത് എന്നും പ്രതിധ്വനി തൊഴില്‍മന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. നിര്‍ബന്ധിതമായ രാജിയാണ് തൊഴിലാളികളില്‍ നിന്ന് കമ്പനി ആവശ്യപ്പെടുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 150ഓളം പരാതികള്‍ സംഘടനയ്ക്ക് ലഭിച്ചു. ബൈജൂസുമായി മാന്യവും സൗഹാര്‍ദപരവുമായ ഒത്തുതീര്‍പ്പിലേക്കെത്താനും നഷ്ടപരിഹാര ആനുകൂല്യങ്ങളോടെയെങ്കിലും പുതുക്കിയ എക്‌സിറ്റ് നയം കൊണ്ടുവരാന്‍ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.

ജീവനക്കാർക്ക് 2022 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള ശമ്പളം കിട്ടണം. നവംബര്‍ മുതല്‍ ജനുവരി 31 വരെയുള്ള ശമ്പളം ഒറ്റത്തവണയോടെ തീര്‍പ്പാക്കണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കണമെന്ന് തൊഴില്‍മന്ത്രിയോട് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.