പോപ്പുലർഫ്രണ്ട്‌ പ്രവർത്തകരെ സിപിഎമ്മിലേക്ക് ആകർഷിക്കാനുള്ള അപായകരമായ നിലപാടാണ് മുഖ്യമന്ത്രി നടത്തുന്നത്: കെ സുരേന്ദ്രൻ

single-img
30 September 2022

നിരോധിക്കപ്പെട്ടപ്പോൾ പോപുലർ ഫ്രണ്ട്‌ അണികളെ സാവധാനം സിപിഎമ്മിലേക്ക് എത്തിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഘടനയുടെ മതഭീകരവാദികളോട് സർക്കാരിന് മെല്ലപ്പോക്ക് നയമാണെന്നും ഇത് ശരിയായ നടപടിയല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങിനെ: “പോപുലർ ഫ്രണ്ട് നിരോധിക്കപ്പെടുന്ന സാഹചര്യത്തിൽ സ്വാഭാവികമായും അതിന്റെ അണികളെ ആകർഷിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പോപുലർ ഫ്രണ്ടിന് കേരളത്തിൽ അരലക്ഷത്തിലധികം കേഡറുകളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

നിരോധനത്തോടെ ഈ കേഡറുകളെ സാവകാശം സിപിഎമ്മിലേക്ക് ആകർഷിക്കാനുള്ള അപായകരമായ നിലപാടാണ് പിണറായി വിജയനും പാർട്ടിയും സ്വീകരിക്കുന്നത്. ഈ നിലപാട് ശരിയല്ല. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടച്ചുപൂട്ടാനും സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുമൊക്കെ ഇത്രയധികം സമയം ലഭിച്ചത് കേരളത്തിൽ മാത്രമാണ്. കഴിഞ്ഞ ദിവസം പലയിടത്തും സാധനസാമഗ്രികൾ കടത്തിക്കൊണ്ടുപോയതായി പൊലീസ് തന്നെ പറയുന്നുണ്ട്.

സംസ്ഥാനത്തെ പോപുലർ ഫ്രണ്ടിന്റെ പല ശക്തികേന്ദ്രങ്ങളിലും പൊലീസ് എത്താൻ അറയ്ക്കുന്നത് കാണാമായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് കലക്ടർമാരുടെയും പൊലീസ് മേധാവിമാരുടെയും യോഗത്തിൽ തിടുക്കം കാട്ടേണ്ടതില്ല എന്ന് പറഞ്ഞതോടെ ഒരു തെറ്റായ സന്ദേശമാണ് മതഭീകരവാദ ശക്തികൾക്ക് നൽകിയത്.

നിരോധനത്തിന്റെ തുടർച്ചയായ നടപടികളിൽ പോപുലർ ഫ്രണ്ടിനെതിരായ നടപടി നിയമാനുസൃതമാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്ത് അസംബന്ധ നാടകമാണിത്. കേന്ദ്രസർക്കാർ നിയമപരമായിട്ടാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ,ദേശീയ അന്വേഷണ ഏജൻസികളെല്ലാം കണ്ടെത്തിയിരിക്കുന്ന വിവരങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായി എടുത്ത നടപടിയാണ്, രാഷ്ട്രീയ തീരുമാനമല്ല.

അത്തരത്തിൽ നിയമപരമായ നടപടിയെ പിന്നെയും നിയമപരമായി പരിശോധിക്കണം എന്ന് പറയുന്നതിന്റെ അർഥം മനസ്സിലാകുന്നില്ല. മതഭീകരവാദികളോട് ഒരു മെല്ലെപ്പോക്ക് നയമാണ് സർക്കാരിന്.പോപുലർ ഫ്രണ്ട് അണികളെ സിപിഎമ്മിൽ ചേർക്കാനുള്ള നീക്കമാണിത്”. കെ. സുരേന്ദ്രൻ പറഞ്ഞു.