ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം 10.30ന്

single-img
24 October 2022

ഗവര്‍ണർക്ക് മറുപടി നൽകാൻ രാവിലെ പത്തരക്ക് മുഖ്യമന്ത്രി പാലക്കാട് വാർത്ത സമ്മേളനം വിളിച്ചു. രാജി വെക്കാൻ 9 വിസിമാർക്ക് ഗവർണർ നൽകിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

ഗവര്‍ണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടും എന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം. രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കും എന്നാണു രാജ്ഭവൻ കേന്ദ്രങ്ങൾ പറയുന്നത്. 9 വി സിമാരെയും പുറത്താക്കി ചുമതല താത്കാലികമായി സീനിയർ പ്രൊഫസർമാർക്ക് നൽകാനാണ് രാജ്ഭവൻ സാരമിക്കുന്നത്.

അതേസമയം ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു. ഗവര്‍ണറുടേത് അസാധാരണ നീക്കമെന്ന് മന്ത്രി പി.രാജീവ്. ജനാധിപത്യത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുന്ന നടപടിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജി നല്‍കില്ലെന്ന് കണ്ണൂര്‍ വിസി അറിയിച്ചു. ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചന നടത്തി കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ നീക്കം. തീരുമാനം പരീക്ഷയെ അടക്കം ബാധിച്ചേക്കുമെന്നു കോടതിയെ ബോധിപ്പിക്കും.