നിയസഭയില്‍ പ്രതിപക്ഷവും വാച്ച്‌ ആന്റ് വാര്‍ഡും തമ്മില്‍ കയ്യാങ്കളി

single-img
15 March 2023

തിരുവനന്തപുരം: നിയസഭയില്‍ പ്രതിപക്ഷവും വാച്ച്‌ ആന്റ് വാര്‍ഡും തമ്മില്‍ കയ്യാങ്കളി.

സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച്‌ ആന്റ് വാര്‍ഡ് ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സ്പീക്കര് നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘര്‍ഷത്തിനിടെ ഭരണപക്ഷ എംഎല്‍എമാരുടെ സംരക്ഷണയില്‍ സ്പീക്കര്‍ ഓഫീസില്‍ പ്രവേശിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച്‌ ആന്റ് വാര്‍ഡ് മര്‍ദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഉന്തിനും തള്ളിനുമിടയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു.


പ്രതിഷേധിച്ച എംഎല്‍എമാരെ വാച്ച്‌ ആന്റ് വാര്‍ഡ് ബലം പ്രയോഗിച്ചു നീക്കി. നിരന്തരമായി അടിയന്തര പ്രമേയ നോട്ടീസുകള്‍ക്ക് അനുമതി നിഷേധിക്കുന്നതിന് എതിരെയാണ് പ്രതിഷേധം. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കേണ്ട സ്പീക്കര്‍ ഏകപക്ഷീയമായി പെരുമാറുന്നു എന്നും പ്രതിപക്ഷം ആരോപിച്ചു.

ബ്രഹ്മപുരം വിഷയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക പ്രസ്താവന കേള്‍ക്കാന്‍ നില്‍ക്കാതെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച്‌ ഇറങ്ങി സ്പീക്കറുടെ ഓഫീസിലേക്ക് ഉപരോധത്തിന് എത്തിയത്.