പൗരത്വ നിയമ ഭേദഗതി; രജിസ്റ്റ‍ര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍

single-img
18 March 2024

കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റ‍ര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാന ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ നേരത്തെ പിൻവലിക്കാൻ ഉത്തരവിട്ട കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ കോടതിയിൽ എത്തിയോ എന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സിഎഎ രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇത് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സംസ്ഥാന സ‍ര്‍ക്കാരും. അതിനിടെ പ്രതിപക്ഷത്ത് നിന്ന് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ രജിസ്റ്റ‍ര്‍ ചെയ്യാത്ത കേസുകൾ സംബന്ധിച്ച് ആരോപണവും വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തിടുക്കത്തിലുള്ള നടപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന പ്രക്ഷോഭത്തിന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്ത് മുഖ്യ പ്രചാരണ വിഷയമായി പൗരത്വ ഭേദഗതി നിയമം മാറിയിട്ടുണ്ട്.