32 ലക്ഷം ശമ്പള കുടിശ്ശികയായി കിട്ടിയെന്ന വാർത്ത പച്ചക്കള്ളം: ചിന്ത ജെറോം

32 ലക്ഷം ശമ്പള കുടിശ്ശികയായി കിട്ടിയെന്ന വാർത്ത പച്ചക്കള്ളമാണെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം. എനിക്ക് മുമ്പ് യുവജന കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ച വ്യക്തി കോടതിയിൽ ഒരു കേസിന് പോയിരുന്നു എന്നാണ് അന്വേഷിച്ചപ്പോൾ മനസിലായത്. അദ്ദേഹത്തിന് ശമ്പള കുടിശ്ശിക വേണമെന്നാവശ്യപ്പെട്ടാണ് കേസിന് പോയത്. അതിന്റെ ജഡ്ജിമെന്റ് ഇന്നെനിക്ക് കിട്ടി.അദ്ദേഹത്തിന്റെ ശമ്പള കുടിശ്ശിക കൊടുക്കണമെന്നാണ് ഉത്തരവ്. അല്ലാതെ യുവജന കമ്മീഷൻ ചെയർപേഴ്സണ് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ ഞാൻ കൈപ്പറ്റിയിട്ടില്ല – ചിന്ത ജെറോം പറഞ്ഞു.
വ്യക്തിപരമായി ഇത്രയും തുകയൊന്നും സൂക്ഷിക്കുന്ന രീതിയോ, പ്രവർത്തന പാരമ്പര്യമോ കുടുംബ അന്തരീക്ഷമോ അല്ല എന്നെപ്പോലൊരാൾക്കുള്ളതെന്ന് അടുത്ത് സഹകരിക്കുന്നവർക്കൊക്കെ അറിയാം. ഇതൊരു വ്യാജ പ്രചരണമാണെന്ന് കരുതി ഞാൻ അത് ഗൗരവത്തിലെടുത്തില്ല. ചാനലിലെ ചില സുഹൃത്തുക്കളൊക്കെ വിളിച്ചു. എന്തെങ്കിലും സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ, ഉണ്ടെങ്കിൽ വാട്സാപ്പ് ചെയ്യണം എന്നാണ് വിളിച്ചവരോടൊക്കെ പറഞ്ഞത്. ആരും എനിക്കിതുവരെ വാട്സാപ്പ് ചെയ്തുതന്നിട്ടില്ല. യുവജന കമ്മീഷനുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുള്ള രേഖകളാണ് എന്റെ കൈയിലുള്ളത് എന്നും അവർ കൂട്ടിച്ചേർത്തു.


