മംഗളൂരു സ്ഫോടനം; മുഖ്യ ആസൂത്രകൻ ദുബായിലുള്ള അബ്ദുൾ മൈതീൻ അഹമ്മദ് താഹ

single-img
21 November 2022

മംഗളൂരു നഗരത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ ഉണ്ടായ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ അബ്ദുൾ മൈതീൻ അഹമ്മദ് താഹ എന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്ഫോടനം നടത്തിയ ഷെരീഖിന് സ്ഫോടനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തത് ഇയാളാണെന്നാണ് വിലയിരുത്തൽ.

ഇതോടൊപ്പം ഇയാൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായവും നൽകി . ഇപ്പോൾ അബ്ദുൾ മൈതീൻ അഹമ്മദ് താഹ ദുബൈയിലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാൾ ഭീകരവാദ സംഘടനയായ ഐഎസ് അൽഹിന്ദ് മൊഡ്യൂളിന്റെ ഭാഗമാണ്. കർണാടകയിലെ ശിവമോഗയിലെ തീർത്തല്ലി സ്വദേശിയാണ് അബ്ദുൾ മൈതീൻ താഹ.

ഇതോടൊപ്പം തന്നെ മംഗളൂരു സ്ഫോടനത്തിലെ മുഖ്യപ്രതിക്ക് കേരള ബന്ധമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. സ്ഫോടനം നടത്തിയ ഷാരിക് അവസാന മൂന്ന് മാസത്തിനിടെ പലതവണ കേരളം സന്ദർശിച്ചിരുന്നുവെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ പറഞ്ഞു. സ്ഫോടനം ആസൂത്രിതമായ തീവ്രവാദ ഓപ്പറേഷനാണെന്നും ഡിജിപി വ്യക്തമാക്കി.