മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

single-img
12 February 2023

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് കേരളത്തെ കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളതെന്ന് ചോദിച്ച മുഖ്യമന്ത്രി, മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണ് കേരളമെന്നും പറഞ്ഞു. എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം.

കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന അമിത് ഷായുടെ പരാർമശത്തിന് എതിരെ ആയിരുന്നു മുഖ്യമന്ത്രി വാക്കുകള്‍. അതിസമ്പന്നര്‍ക്ക് വേണ്ടിയാവരുത് ഭരണം. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിനാലാണ് ബിജെപി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാര്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയുടെ അത്തരം നീക്കങ്ങള്‍ നടക്കാത്ത ഒരിടം കേരളമാണ്.

മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വര്‍ഗീയതയ്ക്കെതിരെ ജീവന്‍ കൊടുത്തു പോരാടിയവരാണ് ഈ മണ്ണിലുളളത്. അത് മനസിലാക്കാണമെന്നും പിണറായി വിജയന്‍ പറഞ്ഞു.ഇനിയും ഒരവസരം ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്തിന് സര്‍വനാശമുണ്ടാകുമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. പ്രാദേശിക കക്ഷികളെ ഏകോപിപ്പിക്കുന്ന എന്നതാണ് പ്രധാനം. സംസ്ഥാന അടിസ്ഥാനത്തിലാണ് ആ ഏകോപനം ഉണ്ടാകേണ്ടത്. സംസ്ഥാന അടിസ്ഥാനത്തില്‍ ബിജെപിക്ക് എതിരായ കൂട്ടുകെട്ട് ഉണ്ടാവുക. തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കുക. ഇതാണ് സിപിഎം പദ്ധതിയെന്നും ഇതാണ് പ്രായോഗികമായ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രമാണെന്നും പിണറായി വിമര്‍ശിച്ചു. എഐസിസിയുടെ പ്രധാനികളും കേന്ദ്രമന്ത്രിമാരായിരുന്നവരും വരെ ബിജെപിയിലെത്തിയെന്നും ബിജെപിയുടെ മോഹിപ്പിക്കുന്ന കാര്യങ്ങള്‍ വരുമ്പോള്‍ അതിന് പിന്നാലെ നാക്കും നീട്ടി നില്‍ക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

യാഥാര്‍ഥ്യം ഉള്‍ക്കൊളളാന്‍ കോണ്‍ഗ്രസ് തയാറാവണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബിജെപിയുടെ സാമ്പത്തിക നയവും കോണ്‍ഗ്രസിന്റെ സാമ്പത്തിക നയവും തമ്മില്‍ എന്താണ് വ്യത്യാസമെന്നും ചോദിച്ചു. കേരളത്തിലെ യുഡിഎഫ് എംപിമാര്‍ക്കെതിരെ പിണറായി വിമര്‍ശനം ഉന്നയിച്ചു. സ്വന്തം നാടിനെ ഇകഴ്ത്താനാണ് യുഡിഎഫ് എംപിമാര്‍ ശ്രമിക്കുന്നത്. നാടിന് അഭിവൃദ്ധിയുണ്ടാക്കുന്ന എല്ലാ പദ്ധതിയെയും എംപിമാര്‍ എതിര്‍ക്കുന്നു. ബിജെപിയും ഇതേ നിലപാട് സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

യുഡിഎഫ് എംപിമാരെ കൊണ്ട് നാടിന് എന്ത് ഗുണം കിട്ടി എന്ന് ചോദിച്ച പിണറായി വിജയന്‍, ഞാന്‍ തീരുമാനിച്ചാല്‍ ബിജെപിയുടെ കൂടെ പോകും എന്ന് പറഞ്ഞയാളാണ് കെപിസിസി പ്രസിഡന്റെന്നും പരിഹസിച്ചു. നാളെ ബിജെപിയുടെ കൂടെ പോകും എന്ന് പറഞ്ഞയാള്‍ പ്രസിഡന്റ് ആയാല്‍ എന്താണ് ആ പാര്‍ട്ടിയുടെ അവസ്ഥയെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി, ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് അശക്തരാണെന്നും പരിഹസിച്ചു. യുഡിഎഫും ബിജെപിയും ചേര്‍ന്ന് സമാധാന അന്തരീക്ഷം തകര്‍ക്കാര്‍ ശ്രമിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ അതിന് കൂട്ടു നിന്നില്ല. കളളപ്രചാരണങ്ങളെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ ആകുന്നുവെന്നും ജനങ്ങളോട് അക്കാര്യത്തില്‍ നന്ദിയുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.