കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

single-img
1 September 2022

കൊച്ചി: കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോ പാത നീട്ടൽ നാടിന് സമർപ്പിക്കുന്ന വേദിയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സഹായം അഭ്യ‍ർത്ഥിച്ചത്. കെ റെയിൽ പേര് എടുത്തുപറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ സഹായം അഭ്യർഥിക്കൽ. കേരളത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ കേന്ദ്ര സഹായം വേണമെന്നായിരുന്നു ചടങ്ങിന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി വേദിയിൽ ആവശ്യപ്പെട്ടത്.

അതേസമയം കൊച്ചി മെട്രോ വികസനം നാടിന് സമർപ്പിച്ച പ്രധാനമന്ത്രി കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സംസാരിച്ചത്. കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നൽകുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. കാലം മാറുന്നതിനനുസരിച്ചുള്ള വികസനം എല്ലാ രംഗത്തും ഉണ്ടാകണം. അതിന് വേണ്ടിയുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് കേന്ദ്രം സഹായം നൽകും. സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന പരിപാടിയിലാണ് മെട്രോ വികസനം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ഗവർണർ ആരിഫ് ഖാനടക്കമുള്ളവർ വേദിയിൽ സന്നിഹിതരായിരുന്നു. മെട്രോ പുതിയപാത എസ് എൻ ജംഗ്ഷൻ മുതൽ വടക്കേക്കോട്ടവരെയാണ്. 43 ഭിന്നശേഷിക്കാരായ വിദ്യാർഥികളാണ് ആദ്യ യാത്രക്കാരായത്.

മെട്രോ പുതിയപാത കൊച്ചിയുടെ വികസനത്തിന് പുതിയമുഖം നൽകുമെന്ന് ഉദ്ഘാടനം നടത്തിയ പ്രധാനമന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്കും മലീനീകരണവും കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം ഇരട്ടപ്പാത വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. കേരളത്തിന്‍റെ റെയിൽവേ വികസനത്തിലെ നാഴികകല്ലാകും പദ്ധതി. ശബരിമല തീർത്ഥാടകർക്കും സാധാരണക്കാർക്കും ഏറ്റവും ഗുണം ചെയ്യുന്നതാണ് പദ്ധതിയെന്ന് മോദി ചൂണ്ടികാട്ടി.  രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസനം നടക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

അതേസമയം രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളത്തനിമയുള്ള വേഷത്തിലും ഭാവത്തിലുമാണ് പ്രത്യക്ഷപ്പെട്ടത്. കസവ് മുണ്ടും നേര്യതും അതിനൊത്ത ഷർട്ടുമായിരുന്നു മോദിയുടെ വേഷം. വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറുമടക്കമുള്ളവർ ചേർന്നാണ് സ്വീകരിച്ചത്. ചെറു സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ഇന്നത്തെ ആദ്യ പരിപാടിയായ ബി ജെ പി പൊതുയോഗ സ്ഥലത്തെത്തുകയായിരുന്നു. അവിടെ കാത്തുനിന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മോദിക്ക് ഓണക്കോടി നൽകി സ്വീകരിച്ചു. നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ബി ജെ പി പൊതുയോഗത്തിൽ മലയാളത്തിൽ സംസാരിച്ചാണ് മോദി തുടങ്ങിയത്. മലയാളികൾക്കെല്ലാം ഓണാശംസ നേർന്ന പ്രധാനമന്ത്രി ഓണക്കാലത്ത് എത്താനായത് വലിയ സൗഭാഗ്യമാണെന്നും വിവരിച്ചു. കേരളം സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരം എന്നായിരുന്നു മോദി പറഞ്ഞത്. പിന്നീട് കേരളത്തിന് നൽകിയ പദ്ധതികൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ബി ജെ പി സർക്കാരുകൾ ഇരട്ട എഞ്ചിൻ ആണെന്നും അഭിപ്രായപ്പെട്ടു. പ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷം വീട് നൽകിയെന്നും ഇതിൽ ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കി എന്ന് മോദി പറഞ്ഞു. മഹാമാരി കാലത്ത് കേരളത്തിൽ ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ കൊടുത്തെന്നും ഇതിനായി 6000 കോടി ചെലവഴിച്ചെന്നും വ്യക്തമാക്കി.