ചെന്നിത്തലക്ക് പ്രചാരണ ചുമതല: കോണ്‍ഗ്രസ് പുനഃസംഘടനയില്‍ നടന്നത് ഹൈക്കമാന്‍ഡ് നീക്കം, സതീശന് ‘ചെക്ക്’

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണം നയിക്കാന്‍ രമേശ് ചെന്നിത്തലയെ നിയമിച്ച നീക്കം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ പരിഹരിക്കാന്‍.എല്ലാ സാമുദായിക -യുവ പ്രാതിനിധ്യവും ഉറപ്പാക്കിയാണ് ഹൈക്കമാന്‍ഡ് പ്രചാരണകമ്മിറ്റി പുനഃസംഘടിപ്പിച്ചത്. കൂട്ടായ നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പില്‍ നയിക്കുമെന്ന കൃത്യമായ സന്ദേശമാണ് നല്‍കുന്നത്.
വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് കൊണ്ടുപോകാനുള്ള രമേശ് ചെന്നിത്തലയുടെ കഴിവ് തന്നെയാണ് അതിന് ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ച ഘടകം. കേരളത്തില്‍ പ്രതിപക്ഷ നേതാവാണ് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനം എടുത്തിരുന്നത്. സാമൂഹിക ഗ്രൂപ്പുകളെ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ പരിചയ സമ്പത്തിലെ കുറവ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് കടുത്ത വെല്ലുവിളിയായി.
കോണ്‍ഗ്രസുമായി ദീര്‍ഘകാല ബന്ധമുള്ള എന്‍എസ്എസെന്ന പ്രബല സാമുദായിക സംഘടനയുമായുള്ള അകല്‍ച്ചയാണ് അതില്‍ പ്രധാനഘടകം. പ്രതിപക്ഷ നേതാവിന്റെ നിലപാടുകളോട് വിയോജിപ്പ് രേഖപ്പെടുത്തി എന്‍എസ്എസും എസ് എന്‍ഡിപിയും രംഗത്തും വന്നതും കാര്യങ്ങള്‍ വഷളാക്കി. പലഘട്ടത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും പ്രതിപക്ഷ നേതാവും രണ്ടുതട്ടിലാണ് യാത്ര. പുതുതയുഗയാത്രയില്‍ ഉള്‍പ്പെടെ പലതിലും പ്രതിപക്ഷ നേതാവ് പാര്‍ട്ടി നേതൃത്വത്തെ പരിഗണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പാര്‍ട്ടി നേതൃത്വത്തെ ഇരുട്ടില്‍ നിര്‍ത്തിയുള്ള ഇത്തരം നിലപാട് ഗുണം ചെയ്യില്ലെന്നും ഹൈക്കമാന്‍ഡ് നേതൃത്വം വിലയിരുത്തുന്നുണ്ട്. എഐസിസി നീരീക്ഷകരും, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടും ഇത്തരത്തിലാണെന്നാണ് മനസിലാക്കുന്നത്. പലപ്പോഴും സതീശനും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പാര്‍ട്ടി പുനഃസംഘടന പോലുള്ള കാര്യങ്ങളെ അനിശ്ചിതത്തിലാക്കിയെന്ന ആക്ഷേപം നിലനില്‍ക്കുന്ന ഘട്ടത്തിലാണ് പ്രചരണകമ്മിറ്റിയുടെ പുനസംഘടന.
സതീശന്റെ ഭാഗത്തുള്ള ഇത്തരം പ്രതീകൂല ഘടകങ്ങളെ മറികടക്കാനാണ് രമേശ് ചെന്നിത്തല സുപ്രധാന പദവിയിലേക്ക് നിയമിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൂടാതെ കുറച്ചുകാലമായി ദേശീയ നേതൃത്വമായി അകന്നു നിന്നിരുന്ന ശശി തരൂരിനെ പ്രചരണകമ്മിറ്റിയുടെ ഉപാധ്യക്ഷനായി നിയമിച്ചതും കൗതുകമായി. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് ദേശീയ നേതൃത്വം മുന്നോട്ട് പോകുന്നതെന്ന സന്ദേശം നല്‍കാന്‍ ഇതിലൂടെ കഴിഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ രമേശ് ചെന്നിത്തലയെ നേതൃത്വ പദവിയിലേക്ക് ഉയര്‍ത്തിയതും സതീശനുള്ള ചെക്കാണ്.
സതീശന്‍ ക്യാമ്പ് ഏകപക്ഷീയമായി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തുന്നതും ഈ നിയമനത്തിന്റെ വേഗം വര്‍ധിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്ന കീഴ് വഴക്കം കോണ്‍ഗ്രസിനില്ലെന്ന് എ ഐസിസി നേതൃത്വം വ്യക്തമാക്കുമ്പോഴാണ് അത്തരം ഒരു പ്രചരണം സതീശന്‍ ക്യാമ്പ് ശക്തമാക്കിയത്. ഇതും സതീശന് തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ രമേശ് ചെന്നിത്തലയും സതീശനും ഒന്നിച്ച് പോകാനുള്ള ധാരണയുണ്ടാക്കിയിരുന്നെങ്കിലും ഇടയ്ക്ക് വെച്ചത് തെറ്റി. സതീശന് മുഖ്യമന്ത്രി സാധ്യത കല്‍പ്പിക്കുന്ന സ്വകാര്യ ചാനല്‍സര്‍വെ ഫലത്തെ രമേശ് ചെന്നിത്തല തന്നെ തള്ളിപ്പറിഞ്ഞിരുന്നു.
രമേശ് ചെന്നിത്തലയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വം ഏല്‍പ്പിക്കുക വഴി രമേശ് ചെന്നിത്തലയുടെ പരിചയ സമ്പത്തിലൂടെ സതീശനിലൂടെ സംസ്ഥാന നേതൃത്വം നേരിട്ട രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടിലിലാണ്. ചെന്നിത്തലയ്ക്ക് എന്‍എസ്എസ് നേതൃത്വവുമായള്ള അടുപ്പം കൂടുല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും പ്രയോജനം ചെയ്യുമെന്നും യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നുണ്ട്.
ഷാഫി പറമ്പിലിനെ കണ്‍വീനര്‍ ആക്കിയതിലൂടെ മുസ്ലീം വിഭാഗത്തെ കൂടുതല്‍ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലും ദേശീയ നേതൃത്വത്തിനുണ്ട്. . എല്ല സമുദായ,മതവിഭാഗത്തില്‍ നിന്നുമുള്ള പ്രതിനിധികളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും എഐസിസിയുടെ സോഷ്യല്‍ എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തിന് തെളിവായി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതലയുള്ള ഹൈബിയ്ക്ക് പ്രചരണകമ്മിറ്റിയില്‍ സുപ്രധാന ചുമതല നല്‍കാത്തത് അദ്ദേഹത്തിന്റെ നിലവിലെ പ്രവര്‍ത്തനത്തില്‍ നേതൃത്വം സംതൃപ്തമല്ലെന്ന സൂചനകൂടി നല്‍കുന്നതാണ്.


