അറുപത് ദശലക്ഷം യൂറോ; നെയ്മറെ സ്വന്തമാക്കാൻ മോഹവിലയുമായി ചെല്‍സി

single-img
17 February 2023

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മറെ സ്വന്തമാക്കാന്‍ ചെല്‍സി രംഗത്ത്. ഇതിന്റെ ഭാഗമായി ഫ്രഞ്ച് ചാംപ്യന്മാരുമായി ചെല്‍സി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ചെല്‍സി ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍താരം നെയ്മറെ നോട്ടമിട്ടിരിക്കുന്നത്. പിഎസ്ജിയില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും പലതരം പ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ് നെയ്മര്‍. കിലിയന്‍ എംബാപ്പേയുമായുള്ള പിണക്കമാണ് പ്രധാനം.

ക്ലബിലെ ആരാധകരുമായും നല്ല ബന്ധത്തിലല്ലാത്ത നെയ്മര്‍ കഴിഞ്ഞ ദിവസം സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ലൂയിസ് കാംപോസുമായും ഇടഞ്ഞിരുന്നു. ഇതോടുകൂടി നെയ്മറെ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വിറ്റൊഴിവാക്കാനാണ് പിഎസ്ജി നീക്കം.

ഈ പശ്ചാത്തലത്തിൽ ആയിരുന്നു ചെല്‍സി ബ്രസീലിയന്‍ താരത്തിനായി രംഗത്തെത്തിയത്. അറുപത് ദശലക്ഷം യൂറോയാണ് ചെല്‍സിയുടെ ആദ്യ ഓഫര്‍. നേരത്തെ 2017ല്‍ ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് ബാഴ്‌സലോണയില്‍ നിന്ന് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഫ്രഞ്ച് ക്ലബിനായി നേടിയത് 172 കളിയില്‍ 117 ഗോള്‍. നെയ്മാറെത്തിയാല്‍ മുന്നേറ്റ നിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് ചെല്‍സിയുടെ പ്രതീക്ഷ.