ആര്‍എസ്എസിനെ വെള്ളപൂശുന്നത്; കെ സുധാകരന്റെ പ്രസ്താവനക്കെതിരെ ലീഗ് മുഖപത്രം ‘ചന്ദ്രിക’

single-img
11 November 2022

കണ്ണൂരിലെ ആ‌ർഎസ്എസ് ശാഖയുടെ സുരക്ഷയ്ക്കായി താൻ ആളെവിട്ടുനൽകിയിട്ടുണ്ട് എന്ന പ്രസ്താവനയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ലീഗിന്റെ ചന്ദ്രിക മുഖപത്രം. സുധാകരൻ നടത്തിയ പരാമര്‍ശം ആര്‍എസ്എസിനെ വെള്ളപൂശുന്നതാണെന്ന് ചന്ദ്രിക ഒൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

താൻ വഹിക്കുന്ന കെപിസിസി പ്രസിഡന്റ് പദിവിക്ക് യോജിച്ച പ്രസ്താവനയല്ല സുധാകരന്‍ നടത്തിയത്. സംശയാസ്പദമായ പ്രസ്താവന വരാന്‍ പാടില്ലായിരുന്നു. പിന്നീട് പ്രസ്താവനയെപ്പറ്റി മാധ്യമങ്ങളോട് വിശദീകരിച്ചപ്പോഴും ശാഖകളെ സംരക്ഷിക്കാന്‍ ആളെ വിട്ടെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു.

ആര്‍എസ്എസ് എന്ന സംഘടനയുടെ ശാഖയ്ക്ക് സംരക്ഷണം കൊടുക്കുക എന്നാല്‍ ആവരുടെ ആശയങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുക എന്നതാണെന്നും ലേഖനം ആരോപിച്ചു. ചന്ദ്രിക ഓൺലൈനിലെ ‘മീഡിയൻ’ എന്ന പേരിലുള്ള ആഴ്ച പക്തിയിലാണ് കെപിസിസി പ്രസിഡന്റിനെതിരായ രൂക്ഷ വിമർശനം വന്നിട്ടുള്ളത് .