നീറ്റ് പരീക്ഷ പൂർണ്ണമായും നിർത്തലാക്കണം; കേന്ദ്രത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

single-img
14 May 2026

നീറ്റ് പരീക്ഷയിലെ തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടു. ദേശീയതലത്തിൽ ഇത്തരം പരീക്ഷകൾ നടത്തുന്നതിലെ പാളിച്ചകളാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

നീറ്റിന് പകരം പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നാണ് വിജയ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.

നേരത്തെ പരീക്ഷാ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ഡോ. കെ. രാധാകൃഷ്ണൻ സമിതി സമർപ്പിച്ച നിർദ്ദേശങ്ങൾ നിലനിൽക്കെത്തന്നെ വീണ്ടും ക്രമക്കേടുകൾ ഉണ്ടായതും പരീക്ഷ റദ്ദാക്കേണ്ടി വന്നതും സംവിധാനത്തിന്റെ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നഗരപ്രദേശങ്ങളിലെ പണക്കാരായ വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്കും മാത്രം ഗുണകരമാകുന്ന രീതിയിലാണ് ഈ പരീക്ഷ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ഗ്രാമീണ മേഖലയിലുള്ളവർക്കും സർക്കാർ സ്കൂളുകളിലെ തമിഴ് മീഡിയം വിദ്യാർത്ഥികൾക്കും വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.