ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയം; ചാന്ദ്രയാൻ-3 പേടകം ഒടുവിൽ ഭ്രമണപഥത്തിൽ

single-img
5 August 2023

ഇന്ത്യയുടെ ചന്ദ്രയാൻ-3 പേടകം ഒടുവിൽ ചന്ദ്രന്റെ ഭ്രമണപഥത്തിൽ. പേടകം ലൂണാർ ട്രാൻസ്ഫർ ട്രജക്റ്ററിയിലൂടെ ചന്ദ്രന്റെ ഗുരുത്വാകർഷണത്തിൽ എത്തി. ചന്ദ്രന്റെ ഭ്രമണപഥം സ്ഥാപിക്കൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.

ഇന്ന് വൈകുന്നേരം ഏഴിനായിരുന്നു പേടകത്തെ ചാന്ദ്രഭ്രമണപഥത്തിലേക്ക് മാറ്റുന്ന റിട്രോ ബേണിങ് പ്രക്രിയ ആംഭിച്ചത്. ചന്ദ്രനോട് ഏറ്റവും അടുത്തുള്ള പെരിലൂണിൽ എത്തിയപ്പോഴാണ് പേടകത്തെ ചന്ദ്രന്റെ ചുറ്റുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റിയത്.

ബെംഗളുരുവിലുള്ള ഐഎസ്ആർഒയുടെ വിദൂരനിയന്ത്രണ കേന്ദ്രമായ ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സിൽനിന്നാണ് പേടകത്തെ നിയന്ത്രിച്ചത്. ഈ മാസം 23ന് വൈകീട്ട് 5.47നാണ് ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ് ഐഎസ്ആർഒ നിശ്ചയിച്ചിരിക്കുന്നത്. ഈ പ്രക്രിയയുടെ മുന്നോടിയായി അഞ്ച് തവണ പേടകത്തെ താഴ്ത്തിക്കൊണ്ടുവന്ന് നൂറ് കിലോമീറ്റർ അകലെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. ആദ്യ ഭ്രമണപഥം താഴ്ത്തൽ നാളെ രാത്രി 11ന് നടക്കും.