ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപി റാലിക്കിടെ തിക്കുംതിരക്കും; മൂന്ന് പേർ മരിച്ചു

single-img
1 January 2023

ആന്ധ്രാപ്രദേശിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ റാലിക്കിടെ വീണ്ടും ദുരന്തം. ആളുകളുടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ഇവരിൽ പത്ത് പേരുടെ നില ​ഗുരുതരമാണ്.

സംസ്ഥാനത്തെ ഗുണ്ടൂർ ജില്ലയിലെ വികാസ് ന​ഗറിൽ നടന്ന പൊതുയോ​ഗത്തിനിടെയാണ് അപകടം. ഇവിടെ സംഘടിപ്പിച്ച പ്രത്യേക റേഷൻ വിതരണ പരിപാടിക്കായി നിരവധി പേരാണ് സ്ഥലത്ത് തടിച്ചു കൂടിയത്. സ്ഥലത്തെത്തിയ നായിഡു അവിടെനിന്നും പോയതിന് പിന്നാലെയാണ് വൻ തിക്കും തിരക്കുമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ടിഡിപി റാലിയിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് ജീവൻ നഷ്ടമാകുന്നത്. കഴിഞ്ഞദിവസം റോഡ് ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ ഉള്‍പ്പെടെ എട്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു.