ജോഡോ യാത്ര നിർത്തിക്കാൻ കേന്ദ്രസർക്കാർ കൊവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുന്നു: രാഹുൽ ഗാന്ധി

single-img
22 December 2022

താൻ നയിക്കുന്ന ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുൽ ഗാന്ധി. രാജ്യത്ത് കൊവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം കേന്ദ്രസർക്കാർ അഴിച്ചുവിടുകയാണെന്നും ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

അതേസമയം, എല്ലാവരും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം രാഹുൽ ഗാന്ധി തള്ളി. ഇപ്പോൾ ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ യാത്ര തുടങ്ങിയത്. ഒപ്പം നിരവധി പ്രവർത്തകരും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയത്. അതേസമയം, , ലോക്സഭ സ്പീക്കറും രാജ്യസഭ അദ്ധ്യക്ഷനും മാസ്കണിഞ്ഞാണ് ഇന്ന് സഭാ നടപടികൾ നിയന്ത്രിച്ചത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പാർലമെൻ്റിൽ മാസ്കണിഞ്ഞ് അധ്യക്ഷൻമാരും അംഗങ്ങളും പങ്കെടുത്തത്.