വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളി; ജെയ്ക് സി തോമസിന് കോടതി ജാമ്യം അനുവദിച്ചു

single-img
17 August 2023

വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് കോട്ടയം അഡീഷണൽ സബ് കോടതി ജാമ്യം അനുവദിച്ചു. കേസിൽ അഞ്ചാം പ്രതിയായിരുന്നു ജെയ്ക്. 2012ൽ മഹാത്മാ ഗാന്ധി സർവകലാശാലയിലേക്ക് യൂത്ത് ഫ്രണ്ട് (എം) നടത്തിയ മാർച്ചിന് നേരെ ക്യാംപസിനുള്ളിൽ നിന്ന് കല്ലേറുണ്ടായ കേസിലാണ് ജാമ്യം.

ഈ കല്ലേറിൽ അന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന മൈക്കിൾ ജയിംസിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു. അതേസമയം, കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസിൽ ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം കായംകുളം കോടതിയിൽ കീഴടങ്ങിയിരുന്നു.

2016ല്‍ കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ സമരം. അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക് സി തോമസ്. പുതുപ്പള്ളി മണ്ഡലത്തിൽ മൂന്നാം തവണ സ്ഥാനാർത്ഥിയാകുന്ന ജെയ്ക് കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.